ഈഡനിൽ ഇന്ത്യക്ക് ഇന്നിങ്സ് ജയം, പിറന്നത് പുതിയ റെക്കോർഡുകൾ

Webdunia
ഞായര്‍, 24 നവം‌ബര്‍ 2019 (14:27 IST)
കൊൽക്കത്ത: ബംഗ്ലാദേശുമായുള്ള രണ്ടാം ടെസ്റ്റിലും ഇന്ത്യക്ക് ഇന്നിംഗ്സ് വിജയം. ഇന്ത്യ ആതിഥ്യം വഹിച്ച അദ്യഡേ നൈറ്റ് ടെസ്റ്റിൽ തന്നെ ചരിത്രവിജയം സ്വന്തമാക്കിയിരിക്കുകയാണ് കോഹ്‌ലിയും കൂട്ടരും. പിങ്ക് ബോളിനെ ഇന്ത്യൻ ബൗളർമാർ വരുതിയിലാക്കി എന്ന്കൂടിയാണ് വിജയം തെളിയിക്കുന്നത്. ഇന്നിങ്സിനും 46 റൺസിനുമാണ് ഇന്ത്യ ബംഗ്ലാദേശിനെ തകർത്തത്.
 
241 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശ് 41.1 ഓവറിൽ 195 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. ഇൻഡോറിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്നിങ്സിനും 130 റൺസിനുമായിരുന്നു ഇന്ത്യയുടെ ജയം. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ ഏകപക്ഷീയമായ വിജയം സ്വന്തമാക്കി.  
 
വിജയത്തോടെ പുതിയ റെക്കോർഡുകളും ടീം ഇന്ത്യ കൈപ്പിടിയിലൊതുക്കി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തുടർച്ചയായ ഏഴാമത്തെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. തുടർച്ചയായ നാലാമത്തെ ഇന്നിങ്സ് ജയം എന്നതാണ് മറ്റൊരു റെക്കോർഡ്. രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് സ്വന്തമാക്കി ഉമേശ് യാദവാണ് ബംഗ്ലാദേശ് നിരയുടെ നടുവൊടീച്ചത്. ഇന്ന് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ഉമേശ് യാദവ് ഇന്ത്യയുടെ വിജയത്തിന് വേഗം കൂട്ടുകയായിരുന്നു.
 
14.1 ഓഫറിൽ 53 റൺസ് വഴങ്ങിക്കൊണ്ടായിരുന്നു ഉമേശിന്റെ അഞ്ച് വിക്കറ്റ് നേട്ടം. 13 ഓവറിൽ 56 റൺസ് വഴങ്ങി ഇഷാന്ത് നാല് വിക്കറ്റുകൾ വീഴ്ത്തി. തുടർച്ചയായ ഏഴാം വിജയത്തോടെ ഐസിസി വേൾഡ് ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇന്ത്യ 360 പോയന്റുകളുമായി ബഹുദൂരം മുന്നിലെത്തി. രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയക്ക് 116 പോയന്റുകളാണ് ഉള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article