ഉടൻ വിശ്വാസ വോട്ടെടുപ്പില്ല; ഗവർണറുടെ ഉത്തരവ് പരിശോധിക്കണം. കേസ് നാളെ വീണ്ടും പരിഗണിക്കുമെന്ന് സുപ്രീം കോടതി

ഞായര്‍, 24 നവം‌ബര്‍ 2019 (12:48 IST)
മഹാരാഷ്ട്രയിൽ ബിജെപിയുടെ സർക്കാർ രൂപീകരണം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ശിവസേനയും, കോൺഗ്രസും എൻസിപിയും സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതിയിൽ വാദം, പൂർത്തിയായി. രഷ്ട്രീയ കക്ഷികളുടെയും, കേന്ദ്ര സർക്കാരിന്റെയും വാദം കേട്ട കോടതി. കേസ് നാളെ 10.30ന് വീണ്ടും പരിഗണിക്കും എന്ന് വ്യക്തമാക്കുകയായിരുന്നു.  ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് എൻവി രമണ, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചിന്റെതാണ് നടപടി.
 
ഹർജിക്കാർ ഹർജി സമർപ്പിച്ചപ്പോൾ അനുബന്ധ രേഖകൾ സമർപ്പിച്ചിട്ടില്ല. സമർപ്പിക്കപ്പെട്ട ഹർജിയിലെ പ്രധാന ആവശ്യം ഗവർണറുടെ നടപടി റദ്ദാക്കുക എന്നതാണ്. അതിനാൽ ഇതുമായി ബന്ധപ്പെട്ട രേഖകൾ കോടതിയിൽ നൽകാൻ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നിർദേശം, നൽകി. നടപടി ഗവർണറുടെ വിവേചന അധികാരത്തിൽപ്പെടുന്നതാണോ, വിവേചന അധികാരം ശരിയായ രീതിയിലാണോ നടപ്പിലാക്കിയത് എന്നതിലും വ്യക്തത വരുത്തേണ്ടതുണ്ട് എന്നും സുപ്രീം കോടതി വ്യക്തമാക്കി.
 
ഈ രേഖകൾ പരിശോധിച്ച ശേഷമാകും സുപ്രീം കോടതി നാളെ തീരുമാനം പറയുക. ഗവർണർക്ക് നൽകിയ കത്തുകൾ ഹാജരാക്കാൻ രാഷ്ട്രീയ കക്ഷികൾക്ക് സുപ്രീം കോടതി നോട്ടീസ് നൽകിയിട്ടുണ്ട്. മഹാരാഷ്ട്ര നിയമസഭയിൽ എപ്പോൾ വിശ്വാസ വോട്ടെടുപ്പ് നടത്തണം എന്ന കാര്യം മാത്രമാണ് കോടതി പരിഗണിക്കുന്നത് എന്ന് വാദം ആരംഭിച്ചപ്പോൾ തന്നെ അഭിഭാഷകരോട് കോടതി വ്യക്തമാക്കിയിരുന്നു എങ്കിലും രേഖകളുടെ അഭാവത്തിൽ കൃത്യമായ തീരുമാനത്തിലേക്ക് എത്തിച്ചേരാൻ സാധിക്കില്ല എന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. 
 
24 മണിക്കൂറിനുള്ളിൽ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണം എന്ന ആവശ്യമാണ് ശിവസേനയും, കോൺഗ്രസും, എൻസിപിയും കോടതിയിൽ ആവശ്യപ്പെട്ടത്. മുതിർന്ന അഭിഭാഷകൻ കബിൽ സിബലാണ് ശിവസേനക്ക് വേണ്ടി കോടതിയിൽ ഹാജരായത്. ഇന്ന് തന്നെ വിശ്വാസം തെളിയിക്കാൻ ആവശ്യപ്പെടണം എന്നാണ് വാദത്തിന്റെ തുടക്കത്തിൽ തന്നെ കബിൽ സിബൽ ആവശ്യം ഉന്നയിച്ചിരുന്നു.
 
എൻസിപിക്ക് വേണ്ടി മനു അഭിഷേഗ് സിങ്‌വിയും, ബിജെപിക്ക് വേണ്ടി മുഗുൾ റോഹ്ത്തഗിയുമാണ് ഹജരായത്. ബിജെപി എംഎൽഎമാർക്കും ചില സ്വതന്ത്ര എംഎൽഎക്ക് വേണ്ടിയുമാണ് താൻ ഹാജരാകുന്നത് എന്നും തന്റെ കക്ഷികൾക്ക് ഹർജിയെ കുറീച്ചുള്ള വിവരങ്ങൾ നൽകാൻ രണ്ടോ മൂന്നോ ദിവസം സമയം അനുവദിക്കണം എന്നുമായിരുന്നു റൊഹ്‌ത്തഗിയുടെ വാദം, എന്നാൽ ഈ വാദങ്ങൾ ഒന്നും തന്നെ കോടതി അംഗീകരിച്ചില്ല.        

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍