അക്ഷര്‍ പട്ടേലിന്റെ വെടിക്കെട്ട്, അര്‍ധ സെഞ്ചുറിയുമായി ശ്രേയസും സഞ്ജുവും; വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിലും ജയം, ഇന്ത്യക്ക് പരമ്പര

Webdunia
തിങ്കള്‍, 25 ജൂലൈ 2022 (08:02 IST)
India vs West Indies 2nd ODI : വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്. ഒന്നാം ഏകദിനത്തില്‍ മൂന്ന് റണ്‍സിനാണ് ജയിച്ചതെങ്കില്‍ ഇന്നലെ നടന്ന രണ്ടാം ഏകദിനത്തില്‍ രണ്ട് വിക്കറ്റിനാണ് ഇന്ത്യ വിന്‍ഡീസിനെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ രണ്ട് പന്തുകള്‍ ശേഷിക്കെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ 2-0 ത്തിനാണ് ഇന്ത്യ ലീഡ് ചെയ്യുന്നത്. ബുധനാഴ്ചയാണ് മൂന്നാം ഏകദിനം. 
 
രണ്ടാം ഏകദിനത്തില്‍ വിന്‍ഡീസിന്റെ കൂറ്റന്‍ സ്‌കോര്‍ പിന്തുടരാന്‍ ഇറങ്ങിയ ഇന്ത്യക്ക് സ്‌കോര്‍ബോര്‍ഡില്‍ 48 റണ്‍സായപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായി. നായകന്‍ ശിഖര്‍ ധവാന്‍ 13 റണ്‍സെടുത്താണ് പുറത്തായത്. തൊട്ടുപിന്നാലെ നന്നായി ബാറ്റ് ചെയ്യുകയായിരുന്ന ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. 49 പന്തില്‍ അഞ്ച് ഫോര്‍ സഹിതം 43 റണ്‍സാണ് ഗില്‍ നേടിത്. സൂര്യകുമാര്‍ യാദവ് ഒന്‍പത് റണ്‍സെടുത്ത് പുറത്തായതോടെ ഇന്ത്യ 79-3 എന്ന നിലയിലായി. 
 
മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി പതറുകയായിരുന്ന ഇന്ത്യക്ക് വിജയമോഹം നല്‍കിയത് ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ കൂട്ടുകെട്ടാണ്. ഇരുവരും കരുതലോടെ ബാറ്റ് ചെയ്തപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ ഇന്ത്യ മെച്ചപ്പെട്ട നിലയിലായി. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 99 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 71 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 63 റണ്‍സെടുത്താണ് ശ്രേയസ് പുറത്തായത്. സഞ്ജു മൂന്ന് ഫോറും മൂന്ന് സിക്‌സും സഹിതം 51 പന്തില്‍ 54 റണ്‍സ് നേടി. 
 
അക്ഷര്‍ പട്ടേലിന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ് പിന്നീട് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. വെറും 35 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സും സഹിതം 64 റണ്‍സുമായി അക്ഷര്‍ പുറത്താകാതെ നിന്നു. ഇന്ത്യയുടെ ടോപ് സ്‌കോററും കളിയിലെ താരവും അക്ഷര്‍ തന്നെ. ദീപക് ഹൂഡ 36 പന്തില്‍ 33 റണ്‍സ് നേടി പുറത്തായി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article