ബൗളര്‍മാര്‍ കളം അടക്കി വാഴുന്നു; ദക്ഷിണാഫ്രിക്കയ്ക്ക് പിന്നാലെ കോഹ്‌ലിപ്പടയ്ക്കും ബാറ്റിംഗ് തകര്‍ച്ച

Webdunia
ശനി, 6 ജനുവരി 2018 (11:31 IST)
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ബൗളര്‍മാര്‍ കളം വാഴുന്നു. മത്സരത്തിന്റെ ആദ്യ ദിനം ദക്ഷിണാഫ്രിക്കയെ 286 റണ്ണിനു തളച്ച ഇന്ത്യയ്ക്ക് 28 റണ്ണെടുക്കുന്നതിനിടെ 3 വിക്കറ്റുകള്‍ നഷ്ടമായി. ഒന്നാം ദിനം കളിയവസാനിക്കുമ്പോള്‍ അഞ്ച് റണ്‍സുമായി ചേതേശ്വര്‍ പൂജാരയും റണ്ണൊന്നുമെടുക്കാതെ രോഹിത് ശര്‍മ്മയുമാണ് ക്രീസില്‍.
 
ഒരു റണ്‍സെടുത്ത മുരളി വിജയിയെ വീഴ്ത്തി ഫിലാന്‍ഡറാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം നല്‍കിയത്. തൊട്ടടുത്ത ഓവറില്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ ശിഖര്‍ ധവാനെ(16) മടക്കി. ഓപ്പണര്‍മാരെ നഷ്ടമായ ഇന്ത്യയെ വിക്കറ്റ് വീഴ്ച്ചയില്‍ നിന്ന് ടീമിനെ കരകയറ്റുമെന്ന് കരുതിയ വിരാട് കോഹ്ലിയും അതിവേഗം കൂടാരം കയറി. മോണി മാര്‍ക്കലാണ് അഞ്ച് റണ്‍സെടുത്ത കോഹ്ലിയെ വിക്കറ്റ് കീപ്പര്‍ ഡി കോക്കിന്റെ കൈകളിലേക്കെത്തിച്ചത്.
 
ഏഴ് വിക്കറ്റ് അവശേഷിക്കേ 258 റണ്‍സ് പിന്നിലാണ് ഇന്ത്യ. ആദ്യ ദിനം ദക്ഷിണാഫ്രിക്കയെ വരിഞ്ഞുകെട്ടാന്‍ ഇന്ത്യന്‍ ടീനു കഴിഞ്ഞു. ആദ്യ ഇന്നിംഗ്സില്‍ 286 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ പേസ് ബൌളിംഗിനുമുന്നില്‍ കരിഞ്ഞമര്‍ന്നത്. 12 റണ്‍സിനിടെ മൂന്ന് വിക്കറ്റ് പിഴുത് ഭുവനേശ്വര്‍ കുമാറാണ് ദക്ഷിണാഫ്രിക്കയുടെ വഴിമുടക്കിയത്. ആകെ നാലുവിക്കറ്റാണ് ഭുവി സ്വന്തമാക്കിയത്.
 
അശ്വിന്‍ രണ്ടുവിക്കറ്റ് വീഴ്ത്തി. ബൂംറ, ഷാമി, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.എ ബി ഡിവില്ലിയേഴ്സ് (65), ഡുപ്ലസി(62) എന്നിവര്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയില്‍ പിടിച്ചുനിന്നു. എയ്ഡന്‍ മര്‍ക്രം 11 റണ്‍സും ഹാഷിം അം‌ല മൂന്നുറണ്‍സുമെടുത്ത് പുറത്തായി. ക്വിന്‍റണ്‍ ഡികോക്ക് 43 റണ്‍സെടുത്തു. കേശവ് മഹാരാജ്(35), റബാഡ(26), ഫിലാന്‍ഡര്‍(23) എന്നിവരും ഭേദപ്പെട്ട നിലയില്‍ ബാറ്റ് വീശി.

അനുബന്ധ വാര്‍ത്തകള്‍

Next Article