ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ താരം ഡെയ്ൽ സ്റ്റെയിൻ കളിച്ചേക്കില്ല. പരിക്കിൽനിന്നും മുക്തനായെങ്കിലും ഒരു ഓൾറൗണ്ടറെ ടീമിൽ ഉൾപ്പെടുത്താൻ ദക്ഷിണാഫ്രിക്കന്‍ ടീം ആലോചിക്കുന്നതാണ് സ്റ്റെയിനിന്റെ തിരിച്ചുവരവ് നീട്ടുന്നത്. പരിശീലകൻ ഓട്ടിസ് ഗിബ്സണാണ് ഇക്കാര്യം സംബന്ധിച്ച് സൂചന നൽകിയത്.
ഏറെക്കാലമായി പരുക്കിന്റെ പിടിയിലായതിനെ തുടർന്ന് കളിക്കളത്തിനു പുറത്തായിരുന്നു സ്റ്റെയിൻ. പേസർമാർക്ക് അനുകൂലമായ സാഹചര്യമാണ് ആദ്യ ടെസ്റ്റ് നടക്കുന്ന ന്യൂലാൻഡ്സിലുള്ളതെങ്കിലും നിലവിലുള്ള മൂന്ന് പേസര്‍മാരെ നിലനിര്‍ത്തി അവരോടൊപ്പം ഒരു സ്പിന്നറെയും ഒരു ഓൾറൗണ്ടറെയും കളിപ്പിക്കാനാണ് കോച്ചിന്റെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്.
സ്റ്റെയിനിനെ ടീമിൽ ഉൾപ്പെടുത്തുകയും അദ്ദേഹത്തിനു കളിക്കിടെ വീണ്ടും പരിക്കേല്‍ക്കുകയും ചെയ്താല്‍ അത് ടീമിന് തിരിച്ചടിയാകുമെന്നും ദക്ഷിണാഫ്രിക്കയെ ഭയക്കുന്നു. റബാദ, ഫിലാൻഡർ, മോർക്കൽ, മോറിസ് എന്നിങ്ങനെ പ്രതിഭാധനൻമാരുടെ നിര പേസ് ബൗളിംഗിൽ സ്ഥാനം കാത്തുനിൽക്കുന്നതും സ്റ്റെയിനിന്റെ തിരിച്ചുവരവ് വൈകിപ്പിക്കുന്നു.