ഇന്ത്യക്കാരും പാക്കിസ്ഥാന്‍കാരും തൊഴിലിനായി ആശ്രയിക്കുന്ന യുഎഇയിലാണ് ഇത്തവണ ടി 20 ലോകകപ്പ് നടക്കുന്നത്. ഗ്രൂപ്പ് 12 പോരാട്ടത്തില്‍ ഇന്നലെ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയപ്പോള്‍ യുഎഇയില്‍ ആവേശം അണപൊട്ടിയൊഴുകി. ഒടുവില്‍ ലോകകപ്പ് ചരിത്രത്തില്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ ആദ്യമായി തോല്‍പ്പിച്ച കാഴ്ച കൂടി ആയതോടെ കായികപ്രേമികള്‍ക്കിടയില്‍ വാദപ്രതിവാദങ്ങളും തുടങ്ങി.
പാക്കിസ്ഥാന്‍കാരും ഇന്ത്യക്കാരും ഒരുമിച്ച് ജോലി ചെയ്യുന്ന യുഎഇയിലെ ഒരു കമ്പനിയിലെ മലയാളി ഇന്നു രാവിലെ കമ്പനിയില്‍ നടന്ന സന്തോഷ പ്രകടനങ്ങളെ കുറിച്ച് വിവരിച്ചത് ഇങ്ങനെ: 'പാക്കിസ്ഥാന്‍കാരെല്ലാം വലിയ ആവേശത്തിലായിരുന്നു. ഇന്ത്യക്കൊപ്പം ജയിക്കുമോ എന്ന് തങ്ങള്‍ പേടിച്ചിരുന്നതായി അവര്‍ പറഞ്ഞു. ജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഈ ജയം വളരെ വലുതായി പോയെന്നും പാക് ആരാധകര്‍ പറഞ്ഞു. ഓഫീസിലെ എല്ലാവര്‍ക്കും അവര്‍ മധുരം നല്‍കി,'
' മുറിയിലെത്തിയപ്പോള്‍ പാക്കിസ്ഥാന്‍ സ്വദേശി വലിയ സന്തോഷത്തിലായിരുന്നു. ഇന്ത്യയെ തോല്‍പ്പിച്ചു എന്നു പറഞ്ഞ് അവര്‍ കുറേ കളിയാക്കി. ബാബര്‍ അസം കോലിയെ പോലെ മിടുക്കനാണെന്ന് അയാള്‍ പറഞ്ഞു. ഫൈനലില്‍ വീണ്ടും ഇന്ത്യയുമായി ഏറ്റുമുട്ടുമെന്നും ടി 20 കിരീടം തങ്ങള്‍ സ്വന്തമാക്കുമെന്നും അയാള്‍ പറഞ്ഞു,' യുഎഇയില്‍ പാക്കിസ്ഥാന്‍ സ്വദേശിക്കൊപ്പം താമസിക്കുന്ന മലയാളി പ്രതികരിച്ചു.