India vs New Zealand, 3rd Test: വാങ്കഡെ ടെസ്റ്റില്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 235 പിന്തുടരുന്ന ഇന്ത്യ രണ്ടാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ 43 ഓവറില്‍ 195 റണ്‍സ് നേടിയിട്ടുണ്ട്. ന്യൂസിലന്‍ഡിന്റെ സ്‌കോറിനേക്കാള്‍ വെറും 40 റണ്‍സ് മാത്രം അകലെയാണ് ഇന്ത്യ. 106 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 70 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലും 18 പന്തില്‍ പത്ത് റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.
റിഷഭ് പന്തും ഇന്ത്യക്കായി അര്‍ധ സെഞ്ചുറി നേടി. 59 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും സഹിതം 60 റണ്‍സ് നേടിയാണ് പന്ത് പുറത്തായത്. യഷസ്വി ജയ്‌സ്വാള്‍ (52 പന്തില്‍ 30), രോഹിത് ശര്‍മ (18 പന്തില്‍ 18), വിരാട് കോലി (ആറ് പന്തില്‍ നാല്), മുഹമ്മദ് സിറാജ് (പൂജ്യം) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് ഇന്നലെ നഷ്ടമായിരുന്നു.
അജാസ് പട്ടേല്‍ ന്യൂസിലന്‍ഡിനായി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. മാറ്റ് ഹെന്‍റിക്കും ഇഷ് സോധിക്കും ഓരോ വിക്കറ്റ്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ടിലും ജയിച്ച് ന്യൂസിലന്‍ഡ് ലീഡ് ചെയ്യുകയാണ്. നാണക്കേട് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ വാങ്കഡെയിലെ മൂന്നാം ടെസ്റ്റ് കളിക്കുന്നത്.