കളിച്ചു, ജയിച്ചു! ഇന്ത്യയ്ക്ക് പരമ്പര

വ്യാഴം, 2 ഫെബ്രുവരി 2017 (07:52 IST)
ഏകദിന പരമ്പരകൾക്ക് പിന്നാലെ ട്വന്റി 20 പരമ്പരയും ഇന്ത്യ സ്വന്തമാക്കി. താനൊരു സമ്പൂര്‍ണ ക്യാപ്റ്റനാണെന്ന് വിരാട് കോഹ്ലി തെളിയിച്ചിരിക്കുകയാണ്. മൂന്നാം ട്വന്‍റി20 മത്സരത്തില്‍ ഇംഗ്ളണ്ടിനെതിരെ 75 റണ്‍സിനാണ് ഇന്ത്യ പരമ്പരയും കപ്പും സ്വന്തമാക്കിയിരിക്കുന്നത്.
 
ഇന്ത്യ അടിച്ച് കൂട്ടിയ 202 റൺസിനെ മറികടക്കാൻ പോയിട്ട്, അതിന്റെ അരികിൽ പോലും എത്താൻ ഇംഗ്ലണ്ടിനായില്ല. 16.3 ഓവറില്‍ 127 റണ്‍സ് എടുക്കാൻ മാത്രമേ അവർക്ക് സാധിച്ചുള്ളൂ. കൂറ്റൻ വിജയ ലക്ഷ്യം മുന്നിൽ കണ്ട് അവർ പൊരുതിയെങ്കിലും മോര്‍ഗന്‍ പുറത്തായതിനു പിന്നാലെ മറ്റെല്ലാ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാരും ഒന്നിനു പുറകേ ഓരോരുത്തരായി കളം വിട്ടു. 
 
ഒരു റൺസ് പോലും എടുക്കാനാകാതെ ക്രീസ് വിടേണ്ടി വന്നത് 6 പേരാണ്. സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലായിരുന്നു ഇന്ത്യയുടെ വജ്രായുധം. 25 റണ്‍സിന് ആറ് വിക്കറ്റാണ് ചാഹൽ വീഴ്ത്തിയത്. ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ ബൗളിംഗ് പ്രകടനമാണ് ഈ ലെഗ്‌സ്പിന്നര്‍ പുറത്തെടുത്തത്.
 
സുരേഷ് റെയ്നയുടെയും മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെയും തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറികളും ഇരുവരുടെയും സിക്സുകളും കാണികളെ ആവേശത്തിലാഴ്ത്തുകയായിരുന്നു. അവസാന 30 പന്തില്‍ 70 റണ്‍സാണ് ഇന്ത്യ നേടിയത്. ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയെങ്കിലും മൂന്നു ക്യാച്ചുകളുമായി കോഹ്ലി ഫീല്‍ഡില്‍ നിറഞ്ഞുനിന്നു. യുസ്വേന്ദ്ര ചാഹലാണ് മാന്‍ ഓഫ് ദ മാച്ച്.

വെബ്ദുനിയ വായിക്കുക