India vs Australia, 4th Test: മെല്‍ബണ്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്കു 105 റണ്‍സ് ലീഡ്. ആതിഥേയര്‍ ആദ്യ ഇന്നിങ്‌സില്‍ നേടിയ 474 റണ്‍സിനു മറുപടിയായി ഇന്ത്യ 369 നു ഓള്‍ഔട്ടായി. ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ചു. ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ 25 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സ് എടുത്തിട്ടുണ്ട്. ഓസീസിന്റെ ആകെ ലീഡ് 158 ആയി.
സെഞ്ചുറി നേടിയ നിതീഷ് കുമാര്‍ റെഡ്ഡിയുടെ വിക്കറ്റാണ് ഇന്ത്യക്ക് ഒന്നാം ഇന്നിങ്‌സില്‍ അവസാനമായി നഷ്ടപ്പെട്ടത്. 189 പന്തില്‍ 11 ഫോറും ഒരു സിക്‌സും സഹിതം 114 റണ്‍സ് നേടിയ നിതീഷ് റെഡ്ഡി തന്നെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 15 പന്തില്‍ നാല് റണ്‍സുമായി മുഹമ്മദ് സിറാജ് പുറത്താകാതെ നിന്നു. യശസ്വി ജയ്‌സ്വാള്‍ (118 പന്തില്‍ 82), വാഷിങ്ടണ്‍ സുന്ദര്‍ (162 പന്തില്‍ 50), വിരാട് കോലി (86 പന്തില്‍ 36) എന്നിവരും ഇന്ത്യക്കായി ഒന്നാം ഇന്നിങ്‌സില്‍ തിളങ്ങിയിരുന്നു.
രണ്ടാം ഇന്നിങ്‌സില്‍ ഓപ്പണര്‍മാരായ സാം കൊണ്‍സ്റ്റാസ് (18 പന്തില്‍ 8), ഉസ്മാന്‍ ഖവാജ (65 പന്തില്‍ 21) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിനു നഷ്ടമായത്. കൊണ്‍സ്റ്റാസിനെ ബുംറയും ഖവാജയെ സിറാജും ബൗള്‍ഡ് ആക്കി. ഒന്നാം ഇന്നിങ്‌സില്‍ ആതിഥേയര്‍ക്കായി നായകന്‍ പാറ്റ് കമ്മിന്‍സ്, സ്‌കോട്ട് ബോളണ്ട്, നഥാന്‍ ലിന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ നേടി.