ലോകേഷ് രാഹൂലിന് സെഞ്ചുറി; തകര്‍ച്ചയില്‍ നിന്ന് ഇന്ത്യ കരകയറി

Webdunia
വ്യാഴം, 20 ഓഗസ്റ്റ് 2015 (15:15 IST)
ശ്രീലങ്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിലെ തുടക്കത്തിലെ തിരിച്ചടിക്ക് ശേഷം ഇന്ത്യ തിരിച്ചു വന്നു. യുവതാരം ലോകേഷ് രാഹുലിന്റെ (101*) തകര്‍പ്പന്‍ സെഞ്ചുറിയും നായകന്‍ വിരാട് കോഹ്‌ലിയുടെ (78) അര്‍ധസെഞ്ചുറിയുമാണ് തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ കരകയറ്റിയത്. ലോകേഷ് രാഹുലും രോഹിത് ശര്‍മയുമാണ് (19*) ക്രീസില്‍. അവസാന വിവരം ലഭിക്കുബോള്‍ സ്‌കോര്‍: 212/3.  

ടോസ് നേടിയ നായകന്‍ വിരാട് കോഹ്‌ലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ നായകന്റെ തീരുമാനം ശരിവെക്കുന്നതായിരുന്നില്ല ഇന്ത്യന്‍ ടീമിന്റെ തുടക്കം. ശിഖര്‍ ധവാന് പകരക്കാരനായി ടീമിലെത്തിയ മുരളി വിജയ് ആദ്യ ഓവറില്‍ തന്നെ പൂജ്യത്തിന് പുറത്താകുകയായിരുന്നു. അഞ്ചാം ഓവറില്‍ അജിന്‍ക്യ രഹാനെയും (4) പുറത്തായതോടെ ഇന്ത്യ പരുങ്ങലില്‍ ആകുകയായിരുന്നു. 12 റണ്‍സിനിടെ രണ്ട് വിക്കറ്റ് വീണതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലായെങ്കിലും വിരാട് കോഹ്‌ലിയും ലോകേഷ് രാഹുലും ചേര്‍ന്ന് ഇന്ത്യയെ കരകയറ്റുകയായിരുന്നു. താളം കണ്ടെത്തിയ ശേഷം ഇരുവരും സ്വതസിദ്ധമായ ശൈലിയില്‍ കളിക്കുകയയിരുന്നു.  ഇരുവരും ചേര്‍ന്ന് 164 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ഉണ്ടാക്കിയത്. എന്നാല്‍ സ്‌കോര്‍ 174 നില്‍ക്കെ കോഹ്‌ലി ഹെറാത്തിന് വിക്കറ്റ് സമ്മാനിച്ച് കൂടാരം കയറുകയായിരുന്നു.    

ആദ്യ ടെസ്റ്റില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങിയിരിക്കുന്നത്. പരുക്കേറ്റ് ശിഖര്‍ ധവാന് പകരം മുരളി വിജയ് ടീമിലെത്തിയപ്പോള്‍ ഹര്‍ഭജനും വരുണ്‍ ആരോണിനും പകരം സ്റ്റുവര്‍ട്ട് ബിന്നിയും ഉമേഷ് യാദവും അവസാന ഇലവനില്‍ ഇടംപിടിച്ചു. ശ്രീലങ്കന്‍ ടീമില്‍ പരിക്കേറ്റ നുവാന്‍ പ്രദീപിന് പകരം ദുഷ്മന്ത ചമീര ഇടംനേടി.