ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രവേശനം ഉറപ്പാക്കി ടീം ഇന്ത്യ, ഇംഗ്ലണ്ടിനെ തകർത്തത് ഇന്നിങ്‌സിനും 25 റൺസിനും

Webdunia
ശനി, 6 മാര്‍ച്ച് 2021 (16:04 IST)
ഇംഗ്ലണ്ടിനെതിരായ നിർണായകമായ നാലാം ടെസ്റ്റിൽ ഇന്ത്യയ്‌ക്ക് ഉജ്ജ്വല വിജയം. മത്സരത്തിൽ ഇംഗ്ലണ്ടിന് മേൽ ആധിപത്യം പുലർത്തിയ ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നിൽ ഇംഗ്ലണ്ട് നിര പതറിയപ്പോൾ ഇംഗ്ലണ്ടിന്റെ വിക്കറ്റുകൾ അശ്വിനും അക്‌സർ പട്ടേലും ചേർന്ന് തുല്യമായി പങ്കിട്ടെടുത്തു.
 
രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ഉയർത്തിയ 160 റൺസിന്റെ ലീഡ് പിന്തുടർന്ന ഇംഗ്ലണ്ടിന് കളിയുടെ തുടക്കത്തി‌ൽ തന്നെ ആദ്യ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടു. അശ്വിനായിരുന്നു രണ്ട് വിക്കറ്റുകളും. ഒരു ഘട്ടത്തിൽ 30ന് 4 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിനെ ഒലി പോപ്പും നായകൻ ജോ റൂട്ടും ചേർന്ന കൂട്ടുക്കെട്ട് രക്ഷിക്കുമെന്ന് തോന്നിച്ചുവെങ്കിലും പോപ്പിനെ പുറത്താക്കി കൊണ്ട് അക്‌സർ പട്ടേൽ ഇന്ത്യയ്‌ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. റൂട്ടിനെ അശ്വിനും വേഗത്തിൽ മടക്കിയതോടെ കളിയുടെ നിയന്ത്രണം ഇന്ത്യയുടെ കൈകളിലായി.
 
തുടർന്നെത്തിയ ഡാൻ ലോറൻസും ബെൻ ഫോക്‌സും ചേർന്ന് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചുവെങ്കിലും ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നിൽ ഇവരും അടിയറവ് പറഞ്ഞു. 135 റൺസെടുക്കാനെ ഇംഗ്ലണ്ട് നിരയ്ക്കായുള്ളു. ഇന്ത്യയ്‌ക്കായി അശ്വിനും അക്‌സർ പട്ടേലും അഞ്ചുവീതം വിക്കറ്റുകൾ വീഴ്‌ത്തി. ഇംഗ്ലണ്ടിന് വേണ്ടി ഡാൻ ലോറൻസ് 50 റൺസെടുത്തു.
 
മത്സരത്തിൽ വിജയിച്ചതോടെ ന്യൂസിലൻഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് ഇന്ത്യ യോഗ്യത നേടി.
 

അനുബന്ധ വാര്‍ത്തകള്‍

Next Article