കിവികള്‍ തരിപ്പണം, ദീപാവലി ആഘോഷിച്ച് ധോണിപ്പട - ഇന്ത്യക്ക് 190 റണ്‍സിന്റെ തകര്‍പ്പന്‍ ജയവും പരമ്പരയും

Webdunia
ശനി, 29 ഒക്‌ടോബര്‍ 2016 (19:38 IST)
വിശാഖപട്ടണത്ത് ന്യൂസിലന്‍ഡിനെ തരിപ്പണമാക്കി ദീപാവലി ആഘോഷിച്ച് മഹേന്ദ്ര സിംഗ് ധോണിയും സംഘവും അഞ്ചു മത്സരങ്ങളുടെ പരമ്പര 3-2ന് സ്വന്തമാക്കി. നിര്‍ണായകമായ അഞ്ചാം മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 270 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിവിസ് 23.1 ഓവറില്‍ 79 റണ്‍സിന് ഓള്‍ ഔട്ടായതോടെ 190 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അഞ്ചുവിക്കറ്റ് സ്വന്തമാക്കിയ അമിത് മിശ്രയാണ് ഇന്ത്യന്‍ ജയത്തിന് കാരണക്കാരന്‍.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ടീം ഇന്ത്യ നിശ്ചിത അമ്പത് ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ന്യൂസിലന്‍ഡിനായി രണ്ടക്കം കടന്നത് നായകന്‍ കെയ്‌ന്‍ വില്ല്യംസണ്‍ (27) റോസ് ടെയ്‌ലറും (19), ലെതാമും (19) മാത്രമാണ്. ആദ്യ ഓവറില്‍ തന്നെ ഗുപ്‌റ്റില്‍ (0) പുറത്താകുകയായിരുന്നു. തുടര്‍ന്നെത്തിയ നിഷാം (3), വാറ്റ്‌ലിംഗ് (0), ആന്‍ഡേഴ്‌സണ്‍ (0), സാന്റ്നര്‍ (4), സൌത്തി (0), സോധി (0), ബോള്‍ട്ട് (1) എന്നിവരായിരുന്നു മറ്റ് സ്‌കോറര്‍മാര്‍.

നേരത്തെ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടേയും(70) ഉപനായകന്‍ വിരാട് കോഹ്ലിയുടെയും(65) ബാറ്റിങ്ങ് മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 65 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും അടക്കമായിരുന്നു രോഹിത്തിന്റെ അര്‍ധസെഞ്ച്വറി നേട്ടം. 41 റണ്‍സെടുത്ത ധോണിയും മികച്ച പ്രകടനം പുറത്തെടുത്തു.
Next Article