വീണ്ടും ശ്രീജേഷ് മാജിക്ക്; കൊറിയയെ മറികടന്ന് ഇന്ത്യ ഏഷ്യൻ ചാമ്പ്യൻസ് ഹോക്കി ഫൈനലിൽ

Webdunia
ശനി, 29 ഒക്‌ടോബര്‍ 2016 (19:06 IST)
പെനൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട മൽസരത്തിൽ ദക്ഷിണ കൊറിയയെ മറികടന്ന് ഇന്ത്യ ഏഷ്യൻ ചാമ്പ്യൻസ്  ട്രോഫി ഹോക്കിയുടെ ഫൈനലിൽ കടന്നു. ഷൂട്ടൗട്ടിൽ ദക്ഷിണ കൊറിയയെ 5-4ന് തോൽപ്പിച്ചാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശം.

ഇന്ത്യയുടെ മലയാളി ഗോൾ കീപ്പർ പിആർ ശ്രീജേഷിന്റെ മികവിലാണ് നീലപ്പട കൊറിയക്കാരെ മറികടന്നത്. ദക്ഷിണ കൊറിയയുടെ നിർണായകമായ അവസാന ഷോട്ട് ശ്രീജേഷ് തട്ടിയകറ്റിയതോടെ ഇന്ത്യ ഫൈനലിലേക്ക് മാർച്ചുചെയ്തു. നേരത്തെ നിശ്ചിത സമയത്തും അധിക സമയത്തും 2–2 ന് ഇരുടീമും തുല്യത പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. മലേഷ്യ- പാകിസ്ഥാൻ രണ്ടാം സെമിയിലെ വിജയികളാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ.

കളി അവസാനിക്കാൻ ഏഴു മിനിറ്റ് ശേഷിക്കെ 2-1ന് ലീഡ് വഴങ്ങിയ ഇന്ത്യ, രണ്ട് മിനിറ്റിനുള്ളിൽ സമനില ഗോൾ കണ്ടെത്തിയാണ് മൽസരം ഷൂട്ടൗട്ടിലേക്ക് നീട്ടിയത്. ഇന്ത്യയ്ക്കായി തൽവീന്ദർ സിങ് (15), രമൺദീപ് സിംഗ് (55) എന്നിവർ ഗോളുകൾ നേടി. ഇൻവൂ സിയോ (21), യാങ് ജിഹൂൻ എന്നിവര് കൊറിയയ്ക്കായി ലക്ഷ്യം കണ്ടു.
Next Article