ജയത്തിന്റെ ക്രഡിറ്റ് എനിക്കല്ല, അവര്‍ക്കാണ്; ഈ റിസള്‍ട്ട് അടുത്ത ഏകദിനത്തിലും പ്രതീക്ഷിക്കാം - കോഹ്‌ലി
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ജയം സ്വന്തമാക്കാന്‍ സാധിച്ചതിന്റെ ക്രഡിറ്റ് ഭുവനേശ്വർ കുമാറിനും ജസ്പ്രീത് ബുംറയ്‌ക്കുമാണെന്ന് ഇന്ത്യന്‍ ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി. ഇരുവരും പുറത്തെടുത്ത ബോളിംഗ് മികവാണ് ജയത്തിന് കാരണമായത്. ഫീല്‍ഡര്‍മാരുടെ പ്രകടനവും വളരെ മികച്ചതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പൂനെയിലെ പിച്ച് വേഗത കുറഞ്ഞതായിരുന്നു. എന്നാല്‍, ഭുവനേശ്വറും ബുംറയും സാഹചര്യം മനസിലാക്കി ബോള്‍ ചെയ്‌തു. മുന്‍നിര ന്യൂസിലന്‍ഡ് ബാറ്റ്സ്‌മാന്മാരുടെ വിക്കറ്റുകള്‍ സ്വന്തമാക്കുന്നതിനും ഇവര്‍ക്ക് സാധിച്ചു. ഇരുവരുടെയും അവസരോചിതമായ ബോളിംഗ് മികവാണ് ജയത്തിന് ആധാരമായതെന്നും മൽസരശേഷമുള്ള വാർത്താസമ്മേളനത്തിൽ കോഹ്‌ലി അഭിപ്രായപ്പെട്ടു.
ദിനേഷ് കാര്‍ത്തിക്കും ശിഖര്‍ ധവാനും മികച്ച രീതിയില്‍ ബാറ്റ് ചെയ്‌തു. ആത്മവിശ്വാസം നിറഞ്ഞ പ്രകടനമാണ് ധവാന്‍ പറത്തെടുത്തത്. നല്ല ധാരണയോടെ നല്ല ഷോട്ടുകള്‍ കളിക്കാന്‍ അദ്ദേഹത്തിന് കുറച്ചു നാളുകളായി സാധിക്കുന്നുണ്ട്. കാര്‍ത്തിക്കിനെ സംബന്ധിച്ച് നിര്‍ണായകമായ പ്രകടനമായിരുന്നു ഇത്. മൂന്നാം ഏകദിനത്തിലും സമാനമായ റിസള്‍ട്ട് ടീം സ്വന്തമാക്കാനാണ് ശ്രമിക്കുന്നതെന്നും കോഹ്‌ലി വ്യക്തമാക്കി.