12 വർഷം, 18 സീരീസുകൾ, ശക്തരായ ഓസ്ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും സാധിച്ചില്ല, ഇന്ത്യയെ തോൽപ്പിച്ചത് കെയ്ൻ വില്യംസൺ പോലുമില്ലാത്തെ ന്യൂസിലൻഡ് സംഘം

അഭിറാം മനോഹർ
ഞായര്‍, 27 ഒക്‌ടോബര്‍ 2024 (09:22 IST)
Newzealand
ബെംഗളുരു ടെസ്റ്റിന് പിന്നാലെ പൂനെ ടെസ്റ്റിലും പരാജയം രുചിച്ചതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ മണ്ണിലെ 12 വര്‍ഷത്തെ ആധിപത്യത്തിന് അവസാനം. പുനെ ടെസ്റ്റില്‍ 113 റണ്‍സിനാണ് ന്യൂസിലന്‍ഡിനെതിരെ ഇന്ത്യന്‍ സംഘം അടിയറവ് പറഞ്ഞത്. നേരത്തെ ബെംഗളുരുവില്‍ നടന്ന ആദ്യ ടെസ്റ്റിലും പരാജയപ്പെട്ടതോടെ പരമ്പര 2-0ന് ന്യൂസിലന്‍ഡ് സ്വന്തമാക്കി കഴിഞ്ഞു. ഒരു മത്സരം മാത്രമാണ് പരമ്പരയില്‍ ഇനി അവശേഷിക്കുന്നത്.
 
2012-13 സീസണില്‍ ഇംഗ്ലണ്ട് ടീമിനോട് നാട്ടില്‍ പരമ്പര തോറ്റതിന് ശേഷം ഇതാദ്യമായാണ് സ്വന്തം മണ്ണില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര അടിയറവ് വെയ്ക്കുന്നത്. ധോനിയ്ക്ക് കീഴില്‍ ഇംഗ്ലണ്ടിനെതിരെ പരമ്പര നഷ്ടമായതിന് ശേഷം ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുത്ത കോലിയ്ക്ക് കീഴില്‍ നാട്ടിലും വിദേശത്തും ഇന്ത്യ തങ്ങളുടെ ശക്തി തെളിയിച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ പ്രതാപശാലിയായി വാഴുന്നതിനിടെയാണ് അപ്രതീക്ഷിതമായി ന്യൂസിലന്‍ഡ് തലയ്ക്കടിച്ച് കളഞ്ഞത്.
 
ഇന്ത്യന്‍ മണ്ണില്‍ 4331 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ഒരു ടെസ്റ്റ് പരമ്പര കൈവിടുന്നത് എന്ന കണക്കില്‍ മാത്രമുണ്ട് എതിരാളികള്‍ക്ക് മുകളില്‍ എത്രമാത്രമാണ് ഇന്ത്യ ആധിപത്യം പുലര്‍ത്തിയിരുന്നത് എന്ന കാര്യം. 18 ടെസ്റ്റ് പരമ്പരകള്‍ നീണ്ട ഇന്ത്യയുടെ വിജയകുതിപ്പിനാണ് ഇന്നലെ പുനെയില്‍ അവസാനമായത്. അതേസമയം 1955-56 മുതല്‍ ഇന്ത്യയില്‍ ടെസ്റ്റ് കളിക്കുന്ന ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര വിജയം കൂടിയാണിത്.
 
 ഇന്ത്യയ്‌ക്കെതിരായ പരമ്പരയ്ക്ക് മുന്‍പ് ശ്രീലങ്കയോട് പരാജിതരായി എത്തിയ ന്യൂസിലന്‍ഡിനെ വിലകുറച്ച് കണ്ടതാണ് ഇന്ത്യന്‍ തോല്‍വിക്ക് ഒരു പ്രധാനകാരണമായി മാറിയത്. കെയ്ന്‍ വില്യംസണ്‍ ഇല്ലാതെ വന്നിട്ടും ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ എങ്ങനെ കളിക്കണമെന്ന് ഗൃഹപാഠം ചെയ്താണ് ന്യൂസിലന്‍ഡ് സംഘമെത്തിയത്. ആദ്യ ടെസ്റ്റില്‍ രോഹിത് ശര്‍മയുടെ ആദ്യം ബാറ്റിങ്ങെടുക്കാനുള്ള തീരുമാനം തിരിച്ചടിയായപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കെതിരെ മികച്ച രീതിയില്‍ തന്നെ കളിക്കാന്‍ കിവീസ് ബാറ്റര്‍മാര്‍ക്കായി.
 
 ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി പോലും പരിഗണിക്കാത്ത മിച്ചന്‍ സാന്റ്‌നര്‍ക്കെതിരെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ കഷ്ടപ്പെട്ടപ്പോള്‍ വാഷിങ്ങ്ടണ്‍ സുന്ദറിന് മുന്നില്‍ പതറിയെങ്കിലും ന്യൂസിലന്‍ഡ് ബാറ്റര്‍മാര്‍ ശക്തമായി തന്നെ തിരിച്ചുവന്നു. അതേസമയം സ്പിന്‍ ബൗളിങ്ങിനെ കളിക്കാന്‍ മറന്നവരെ പോലെയാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ പരമ്പരയില്‍ കളിച്ചത്. സ്പിന്‍ പിച്ചില്‍ അശ്വിനും ജഡേജയും ഫലപ്രദമാകാതെ വന്നതോട് കൂടി ന്യൂസിലന്‍ഡ് വിജയം എളുപ്പമായി മാറി. ന്യൂസിലന്‍ഡ് ടീമിനേക്കാള്‍ ശക്തരായ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകള്‍ ഇന്ത്യയില്‍ കളിച്ചിട്ടും നേടാനാവതെ പോയ നേട്ടമണ് കെയ്ന്‍ വില്യംസണ്‍ ഇല്ലാത്ത ന്യൂസിലന്‍ഡ് സംഘം ഇന്ത്യന്‍ മണ്ണില്‍ സ്വന്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article