ധോണിക്ക് പറ്റിയ പിന്‍‌ഗാമി, എന്നാലും ഭായിയാണ് താരം - ഇംഗ്ലണ്ടിന്റെ തോല്‍‌വിക്ക് പിന്നില്‍ സംഭവിച്ചത്

Webdunia
വ്യാഴം, 2 ഫെബ്രുവരി 2017 (16:54 IST)
മികച്ച മത്സരമായിരുന്നു ബംഗലൂരുവിലെ റണ്ണൊഴുകും പിച്ചില്‍ നടന്നത്. മനോഹരമായ ബാറ്റിംഗ്, തിളക്കമാര്‍ന്ന ബോളിംഗ് പ്രകടനം എന്നീ ക്രിക്കറ്റിന്റെ സുന്ദരമായ നിമിഷങ്ങളായിരുന്നു ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ട്വന്റി-20യില്‍ കണ്ടത്. പരമ്പരയില്‍ ഇതുവരെ പോരാട്ട വീര്യം പുറത്തെടുത്ത ഇംഗ്ലീഷ് ബാറ്റിംഗ് നിര ചീ‍ട്ട് കൊട്ടാരം പോലെ തകര്‍ന്നടിയുന്നത് മാത്രമായിരുന്നു കാണേണ്ടിവന്ന ഏക പോരായ്‌മ.

എല്ലാ അര്‍ഥത്തിലും ഇന്ത്യയുടെ ദിവസമായിരുന്നു ബുധനാഴ്‌ച. ടീമിലെ ചെക്കന്‍‌മാര്‍ മുതല്‍ വല്ല്യേട്ടന്‍‌മാര്‍വരെ തിളക്കമാര്‍ന്ന കളിയാണ് അവസാന അങ്കത്തില്‍ പുറത്തെടുത്തത്. ടോസ് എന്ന ഭാഗ്യക്കേട് കോഹ്‌ലിയെ ഇത്തവണയും ചതിച്ചപ്പോള്‍ ടീമിലേക്ക് മടങ്ങിയെത്തിയ സുരേഷ് റെയ്‌നയും (63) യുവരാജ് സിംഗും (27) ഇംഗ്ലീഷ് ബോളര്‍മാരെ വെറുതെ വിട്ടില്ല. ധോണിയുടെ (56) വെടിക്കെട്ടില്‍ ഇന്ത്യ 200ലേക്ക് കുതിച്ചപ്പോള്‍ തന്നെ കളി കോഹ്‌ലിയുടെ വരുതിയിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു.

ചാമ്പ്യന്‍‌സ് ട്രോഫിയടക്കമുള്ള പരമ്പരകള്‍ വരാനിരിക്കെ യുവിയും റെയ്‌നയും ടീമിലെ തങ്ങളുടെ സ്ഥാനം കൂടുതല്‍ ഊട്ടിയുറപ്പിച്ചു എന്നു പറയുന്നതില്‍ തെറ്റില്ല. ആദ്യ രണ്ട് ട്വന്റി-20 യിലും യുവരാജ് പരാജയപ്പെട്ടപ്പോള്‍ നിര്‍ണായക പോരാട്ടത്തില്‍ തനി സ്വരൂപം പുറത്തെടുക്കാന്‍ അദ്ദേഹത്തിനായി. കുട്ടി ക്രിക്കറ്റിന് ഏറ്റവും അനുയോജ്യമായ പ്രകടനമാണ് തന്റേതെന്ന് റെയ്‌ന വീണ്ടും തെളിയിക്കുന്നതും ബംഗലൂരുവിലെ ഗ്രൌണ്ടില്‍ കണ്ടു.

യുസ്‌വേന്ദ്ര ചാഹല്‍ എന്ന ചെറുപ്പക്കാരന്റെ തോളിലേറിയാണ് ഈ ജയമെന്ന് പറയുന്നതാകും ശരി. ബാറ്റിംഗിന് അനുകൂലമായ പിച്ചില്‍ ഇയാന്‍ മോര്‍ഗനും ജോ റൂട്ടും നങ്കൂരമിട്ട് നിന്നപ്പോള്‍ ഇംഗ്ലണ്ടിന് പ്രതീക്ഷയുണ്ടായിരുന്നു. ചാഹലിന്റെ മനോഹരമായ പന്തില്‍ മോര്‍ഗന്‍ പുറത്തായപ്പോള്‍ റൂട്ടും ഇന്ത്യന്‍ ബോളര്‍ക്കു മുമ്പില്‍ പത്തിമടക്കി. തുടര്‍ന്ന് എല്ലാം ഇന്ത്യക്ക് വേഗത്തില്‍ തീര്‍ക്കാന്‍ സാധിച്ചു. എട്ടു റണ്‍സിനിടെ അവസാന എട്ടു വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞത് ബോളിംഗില്‍ വരുത്തിയ മാറ്റം മൂലമായിരുന്നു. അതിലുപരി ബാറ്റിംഗ് പിച്ചില്‍ കളി മറന്ന ഇംഗ്ലീഷ് ബാറ്റിംഗ് നിരയെയാണ് എല്ലാവരും കണ്ടത്.

ചാഹല്‍ ആറ് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ബുമ്രയെ ഉപയോഗിച്ച് അവസാ‍ന വിക്കറ്റുകള്‍ വീഴ്‌ത്തുന്നതില്‍ കോഹ്‌ലി വിജയിച്ചു. ഫീല്‍ഡിംഗില്‍ വന്ന പിഴവുകള്‍ മാത്രമാണ് ഈ മത്സരത്തില്‍ ഇന്ത്യക്ക് സമ്മര്‍ദ്ദമുണ്ടാക്കിയത്. ക്യാച്ചുകളും റണ്ണ് ഔട്ട് ചാന്‍‌സുകളും പലപ്പോഴും നഷ്‌ടമായപ്പോള്‍ കോഹ്‌ലിയുടെ കൈകളില്‍ നിന്ന് പോലും പന്ത് വഴുതി പോകുന്നത് കാണേണ്ടിവന്നു.

എടുത്തുപറയേണ്ട മറ്റൊന്ന് ധോണിയെന്ന സൂപ്പര്‍ താരത്തില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കാനുള്ള കോഹ്‌ലിയുടെ മനസാണ്. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ഫീല്‍‌ഡില്‍ മാറ്റം വരുത്താനും ബോളിംഗ് ചേഞ്ച് വരുത്താനുമുള്ള നിര്‍ദേശങ്ങള്‍ കോഹ്‌ലിക്ക് ലഭിച്ചത് ധോണിയില്‍ നിന്നായിരുന്നു. ധോണിയുടെ തീരുമാനങ്ങള്‍ ശിരസാവഹിക്കുന്നതില്‍ ഒട്ടും പിശുക്ക് കാണിക്കാതിരുന്ന ഇന്ത്യന്‍ ക്യാപ്‌റ്റന്‍ അര്‍ഹിക്കുന്ന നേട്ടമാണ് സ്വന്തമാക്കിയത്. ധോണി ഭായുടെ വാക്കുകള്‍ക്ക് വന്‍ പരിഗണനയാണ് വിരാട് നല്‍കുന്നത്.

ധോണിയും കോഹ്‌ലിയും ചേര്‍ന്ന് വരും മത്സരങ്ങളും ടീം ഇന്ത്യയെ ശക്തമായി മുന്നോട് നയിച്ചാല്‍ വന്‍ നേട്ടങ്ങളാകും സ്വന്തമാകുക. ധോണിക്ക് പറ്റിയ പിന്‍‌ഗാമിയാണ് താനെന്ന് കോഹ്‌ലിക്ക് തെളിയിക്കേണ്ടതുണ്ട്. എന്നാല്‍, ടെസ്‌റ്റ്, ഏകദിന മത്സരങ്ങള്‍ക്ക് പിന്നാലെ ട്വന്റി-20യും സ്വന്തമാക്കിയ കോഹ്‌ലി ആദ്യ അഗ്നിപരീക്ഷയില്‍ പൂര്‍ണ്ണമായും വിജയിച്ചു എന്നു പറയാം.
Next Article