മൂന്നാം മത്സരം കടുകട്ടി; കോഹ്‌ലിക്ക് തലവേദനയുണ്ടാക്കുന്നത് രണ്ടു പേരുടെ തുഴച്ചില്‍ - രക്ഷിക്കാന്‍ ഒരാള്‍ മാത്രം!

Webdunia
ചൊവ്വ, 31 ജനുവരി 2017 (15:58 IST)
നായകസ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ ട്വന്റി-20 പരമ്പരയില്‍ വിരാട് കോഹ്‌ലിക്ക് ജയിച്ചേ മതിയാകു. ഒന്നാം മത്സരം ഇഗ്ലണ്ടും രണ്ടാം മത്സരം ഇന്ത്യയും സ്വന്തമാക്കിയതോടെയാണ് ബുധനാഴ്‌ചത്തെ പോരാട്ടം തീ പാറുമെന്നുറപ്പായത്.

ബാംഗ്ലൂരില്‍ നടക്കുന്ന മൂന്നാം ട്വന്റി-20യില്‍ ഇന്ത്യക്ക് കാര്യം എളുപ്പമാകില്ല. ആദ്യത്തെ മത്സരത്തില്‍ പരാജയപ്പെട്ടപ്പോള്‍ രണ്ടാമത്തെ കളിയില്‍ കഷ്‌ടിച്ച് ജയിച്ചു. ബാറ്റിംഗും ബോളിംഗും പരാജയപ്പെടുന്നതാണ് കോഹ്‌ലിയെ വലയ്‌ക്കുന്ന പ്രധാന പ്രശ്‌നം. സ്ഥിരം ഓപ്പണറര്‍ ഇല്ലാത്തതും മധ്യനിര മികച്ച പ്രകടനം പുറത്തെടുക്കാത്തതും,  പ്രതീക്ഷകള്‍ തെറ്റിച്ച യുവരാജ് സിംഗിന്റെ ബാറ്റിംഗുമാണ് ഇന്ത്യയുടെ പ്രശ്‌നം.

കോഹ്‌ലി ഓപ്പണറായി ഇറങ്ങുമ്പോള്‍ മധ്യനിരയില്‍ റണ്‍സ് കണ്ടത്തേണ്ട യുവരാജ് സിംഗ്, മനീഷ് പാണ്ഡെ, മഹേന്ദ്ര സിംഗ് ധോണി എന്നീ താരങ്ങള്‍ പരാജയപ്പെടുന്നതാണ് കോഹ്‌ലിക്ക് തലവേദനയുണ്ടാക്കുന്നത്. ആദ്യ മത്സരത്തില്‍ റെയ്‌ന ഭേദപ്പെട്ട പ്രകടനം നടത്തിയപ്പോള്‍ രണ്ടാം മത്സരത്തില്‍ അദ്ദേഹം പരാജയമായിരുന്നു. രണ്ടു കളികളിലും മനീഷ് പാണ്ഡെ പരാജയമായിരുന്നു.

നാഗ്‌പൂര്‍ ട്വന്റി-20യില്‍ റണ്‍സ് കണ്ടെത്താന്‍ സാധിക്കാതെ വലയുന്ന മനീഷ് പാണ്ഡെയെ ആണ് കാണാന്‍ സാധിച്ചത്. നിര്‍ണായക സമയത്ത് ക്രീസില്‍ എത്തിയ അദ്ദേഹം സ്വന്തമാക്കിയത് 26 പന്തില്‍ 30 റണ്‍സ് മാത്രമാണ്. സ്‌കോര്‍ ചെയ്യാന്‍ സാധിക്കാതെ യുവതാരം കൂടുതല്‍ നേരം ക്രീസില്‍ നിന്നതോടെയാണ് ഇന്ത്യന്‍ സ്‌കോര്‍ 144ല്‍ ഒതുങ്ങിയത്.

200 റണ്‍സ് എങ്കിലും കണ്ടെത്താതെ ഇംഗ്ലണ്ടുമായി ജയിക്കുക എന്നത് വിഷമം പിടിച്ച അവസ്ഥയാണ്. ഓപ്പണിംഗ് വിക്കറ്റില്‍ 50 കൂട്ടിച്ചേര്‍ക്കുകയും മധ്യനിര സാഹചര്യത്തിനനുസരിച്ച് ഉയരുകയും വാലറ്റത്ത് ധോണി തകര്‍പ്പന്‍ പ്രകടനവും പുറത്തെടുത്താല്‍ മാത്രമെ ഇന്ത്യക്ക് മൂന്നാം മത്സരത്തില്‍ പ്രതീക്ഷയ്‌ക്ക് വകയുള്ളൂ. കെഎല്‍ രാഹുല്‍ ഫോമിലേക്ക് തിരിച്ചെത്തിയത് മാത്രമെ ഇന്ത്യന്‍ ബാറ്റിംഗ് നിരയ്‌ക്ക് ആശ്വസിക്കാനുള്ള വകയുണ്ടാക്കുന്നുള്ളൂ.

ആദ്യ മത്സരത്തെ അപേക്ഷിച്ച് രണ്ടാം മത്സരത്തില്‍ ബോളിംഗ് മെച്ചപ്പെട്ടു എന്നത് ആശ്വസിക്കാനുള്ള വകയാണെങ്കിലും നാഗ്‌പൂരിലേത് ബോളിംഗ് പിച്ചായിരുന്നു എന്നത് കാണാതിരിക്കാനാകില്ല. മികച്ച ഫോമില്‍ തുടരുന്ന ടീമാണ് ഇംഗ്ലണ്ട്. ബാറ്റിംഗും ബോളിംഗും ഇന്ത്യയെക്കാള്‍ മികച്ചതാണ്. രണ്ടാം മത്സരത്തില്‍ ഭാഗ്യക്കേട് കൊണ്ടുമാത്രമാണ് അവര്‍ പരാജയപ്പെട്ടത്. ഇക്കാരണങ്ങളാല്‍ തന്നെ മൂന്നാം മത്സരം മികച്ചതാകുമെന്ന് വ്യക്തമാണ്.
Next Article