ലെജന്‍ഡ്‌സ് ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പാകിസ്ഥാന്‍ ചാമ്പ്യന്‍സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ നിശ്ചിത 20 ഓവറില്‍ 157 റണ്‍സായിരുന്നു ഇന്ത്യയ്ക്ക് വിജയിക്കാനായി വേണ്ടിയിരുന്നത്. 19.1 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ വിജയലക്ഷ്യം മറികടന്നു. 30 റണ്‍സുമായി അമ്പാട്ടി റായുഡുവും 34 റണ്‍സുമായി ഗുര്‍കീരത് സിംഗ് മനും ഇന്ത്യന്‍ നിരയില്‍ തിളങ്ങി. യൂസഫ് പത്താന്‍ 16 പന്തില്‍ 30 റണ്‍സ് നേടി. നേരത്തെ 3 വിക്കറ്റെടുത്ത അനുരീത് സിംഗാണ് പാകിസ്ഥാനെ തകര്‍ത്തത്.
പാകിസ്ഥാന്‍ ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യം നേടാനായി ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ 3 വിക്കറ്റുകള്‍ നഷ്ടമായിരുന്നു. നാലാം വിക്കറ്റില്‍ റായുഡു- മന്‍ സഖ്യം നേടിയ 60 റണ്‍സാണ് ടീമിനെ തിരികെകൊണ്ടുവന്നത്. പരാജയം തൊട്ടുമുന്നില്‍ കണ്ടിരുന്നെങ്കിലും 22 പന്തില്‍ 15 റണ്‍സുമായി സമചിത്തതയോടെ പോരാടിയ നായകന്‍ യുവരാജ് സിംഗാണ് ടീമിനെ വിജയത്തിലെത്തിച്ചത്. പാകിസ്ഥാന് വേണ്ടി ആമേര്‍ യാമിന്‍ 2 വിക്കറ്റെടുത്തു. നേരത്തെ 36 പന്തില്‍ 41 റണ്‍സുമായി ഷോയ്ബ് മാലിക്കാണ് പാകിസ്ഥാനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. നാലിന് 79 റണ്‍സ് എന്ന നിലയിലായിരുന്ന പാകിസ്ഥാനെ കരകയറ്റിയത് മാലിക്ക് നടത്തിയ ഒറ്റയാള്‍ പോരാട്ടമായിരുന്നു.