പകരക്കാരനായി ടീമിലെത്തി; ഏകദിന അരങ്ങേറ്റത്തില്‍ ചരിത്ര നേട്ടവുമായി ഹാർദിക് പാണ്ഡ്യ

തിങ്കള്‍, 17 ഒക്‌ടോബര്‍ 2016 (10:24 IST)
ഏകദിനത്തിലെ അരങ്ങേറ്റ മൽസരത്തില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഇന്ത്യന്‍ താരം ഹാർദിക് പാണ്ഡ്യ. അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നേടികൊണ്ടാണ് പാണ്ഡ്യ ചരിത്ര നേട്ടത്തിന് ഉടമയായത്. മത്സരത്തിന്റെ രണ്ടാം ഓവറില്‍ കിവീസ് ഓപണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ രോഹിത് ശര്‍മയുടെ കൈകളിലെത്തിച്ചാണ് പാണ്ഡ്യ തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയത്.  
 
ഇന്ത്യ വിജയിച്ച മത്സരത്തില്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയ ഹാർദിക് പാണ്ഡ്യ തന്നെയാണ് മാൻ ഓഫ് ദ് മാച്ച്. ഏഴ് ഓവറിൽ 31 റൺസ് മാത്രം വഴങ്ങിയ പാണ്ഡ്യ വന്മരങ്ങളായ ഗപ്ടിൽ, ആൻഡേഴ്സൺ, റോഞ്ചി എന്നിവരെയാണ് പുറത്താക്കിയത്. പരിക്കേറ്റ സുരേഷ് റെയ്നക്ക് പകരക്കാരനായാണ് പാണ്ഡ്യ ടീമിലിടം പിടിച്ചത്. രാജ്യത്തിനായി 14 ട്വന്റി-20 മത്സരങ്ങള്‍ കളിച്ച ശേഷമായിരുന്നു പാണ്ഡ്യയുടെ ഏകദിന അരങ്ങേറ്റം.

വെബ്ദുനിയ വായിക്കുക