എന്തുകൊണ്ട് സെഞ്ചുറി നേടിയില്ല ?, നിരാശയുണ്ടോ ?; കലിപ്പന്‍ മറുപടിയുമായി രഹാനെ!

Webdunia
വെള്ളി, 23 ഓഗസ്റ്റ് 2019 (16:57 IST)
സെഞ്ചുറി നേട്ടത്തിനല്ല, ടീമിന്റെ നേട്ടങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്ന് ഇന്ത്യൻ ഉപനായകൻ അജിങ്ക്യ രഹാനെ. വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്‌റ്റിന്റെ ആദ്യ ദിനത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു താരം.

ക്രീസില്‍ നില്‍ക്കുന്ന നേരം മുഴുവന്‍ ടീമിന്റെ നേട്ടങ്ങൾ മാത്രമാണ് എന്റെ ചിന്തയിലുള്ളത്. വ്യക്തിഗത നേട്ടങ്ങളെക്കുറിച്ച് ആലോചിക്കുന്ന സ്വാർഥനല്ല ഞാൻ. അതുകൊണ്ടുതന്നെ സെഞ്ചുറി നേടുന്നതിനെക്കുറിച്ച് ഞാൻ ആലോചിച്ചിട്ടുപോലുമില്ലെന്നും ഇന്ത്യന്‍ ഉപനായകന്‍ വ്യക്തമാക്കി.

സെഞ്ചുറിയിൽ എത്തിയില്ലെങ്കിലും വിൻഡീസിനെതിരെ നേടിയ 81 റൺസ് സാഹചര്യങ്ങൾ പരിഗണിച്ചാൽ പ്രധാനപ്പെട്ടതാണെന്നാണ് എനിക്കു തോന്നുന്നത്. ടീമിനെ ഭേദപ്പെട്ട നിലയിലേക്കു നയിക്കുന്നതിൽ ആ ഇന്നിംഗ്‌സിന് പങ്കുണ്ട്. മികച്ച പിന്തുണയോടെ മനോഹരമായി ബാറ്റ് ചെയ്‌ത ഹനുമ വിഹാരിയുടെ സമീപനം അഭിനന്ദനീയമാണെന്നും രഹാനെ പറഞ്ഞു.

ഇന്ത്യന്‍ സ്‌കോര്‍ 25 നില്‍ക്കെ വിരാട് കോഹ്‌ലിയടക്കമുള്ള മൂന്നു പേര്‍ കൂടാരം കയറിയപ്പോഴാണ് 81 റണ്‍സുമായി രഹാനെ കളം നിറഞ്ഞത്. വന്‍ തകര്‍ച്ചയെന്ന് തോന്നിച്ചപ്പോഴാണ് രഹാനെയുടെ രക്ഷാപ്രവര്‍ത്തനം ആരാധകര്‍ കണ്ടത്. അര്‍ഹിച്ച സെഞ്ചുറിയാണ് അദ്ദേഹത്തിന് നഷ്‌ടമായത്.

അനുബന്ധ വാര്‍ത്തകള്‍

Next Article