Rohit Sharma: രോഹിത്തിന്റെ ഈ ഇരിപ്പ് കണ്ടാല്‍ ആര്‍ക്കായാലും നെഞ്ച് തകരും; ഒറ്റപ്പെട്ട് താരം (വീഡിയോ)

രേണുക വേണു

ചൊവ്വ, 7 മെയ് 2024 (13:22 IST)
Rohit Sharma

Rohit Sharma: മോശം ഫോമില്‍ മനസ് തളര്‍ന്ന് മുംബൈ ഇന്ത്യന്‍സ് താരം രോഹിത് ശര്‍മ. ഐപിഎല്ലില്‍ അവസാന അഞ്ച് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് രോഹിത് രണ്ടക്കം കണ്ടത്. ബാക്കി നാല് കളികളിലും ഒറ്റയക്കത്തിനു പുറത്തായി. തിങ്കളാഴ്ച സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തില്‍ നാല് റണ്‍സിനാണ് രോഹിത് പുറത്തായത്. അതിനു പിന്നാലെയാണ് താരത്തെ വളരെ നിരാശനായി കാണപ്പെട്ടത്. 
 
പാറ്റ് കമ്മിന്‍സിന്റെ പന്തിലാണ് രോഹിത് പുറത്തായത്. അതിനു പിന്നാലെ ഡ്രസിങ് റൂമില്‍ ഒറ്റപ്പെട്ട് ഇരിക്കുന്ന രോഹിത്തിനെയാണ് കണ്ടത്. തല കുമ്പിട്ട് കണ്ണുകള്‍ തുടച്ച് വളരെ നിരാശനായാണ് രോഹിത് ഡ്രസിങ് റൂമില്‍ ഇരുന്നത്. സഹതാരങ്ങളോട് രോഹിത് സംസാരിച്ചുമില്ല. അവസാന അഞ്ച് ഇന്നിങ്‌സുകളില്‍ നിന്ന് വെറും 33 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. 4, 11, 4, 8, 6 എന്നിങ്ങനെയാണ് അഞ്ച് കളികളിലെ സ്‌കോറുകള്‍. ഇതാണ് രോഹിത്തിന്റെ നിരാശയ്ക്കു കാരണം. 

Rohit Sharma crying in the dressing room. pic.twitter.com/GRU5uF3fpc

— Gaurav (@Melbourne__82) May 6, 2024
രോഹിത്തിന്റെ ഫോം ഔട്ട് ഇന്ത്യക്കും തലവേദനയാകുന്നു. ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കുകയും ഓപ്പണറായി ഇറങ്ങുകയും ചെയ്യേണ്ട രോഹിത് ബാറ്റിങ്ങില്‍ താളം കണ്ടെത്തിയില്ലെങ്കില്‍ അത് ഇന്ത്യക്ക് തിരിച്ചടിയാകും. ഐപിഎല്‍ 2024 സീസണില്‍ ആദ്യ ഏഴ് ഇന്നിങ്‌സുകളില്‍ നിന്ന് 297 റണ്‍സെടുത്ത രോഹിത് പിന്നീടുള്ള അഞ്ച് ഇന്നിങ്‌സുകളില്‍ 33 റണ്‍സ് മാത്രമേ നേടിയുള്ളൂ എന്നത് ആരാധകരെയും വിഷമത്തിലാക്കുന്നു. ലോകകപ്പിനു മുന്‍പ് രോഹിത് ഫോമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഇപ്പോഴും ഇന്ത്യന്‍ ആരാധകര്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍