Rohit Sharma: ഹാർദ്ദിക് താളം കണ്ടെത്തി, ലോകകപ്പ് ടീമിൽ ബാധ്യതയാകുക രോഹിത്?

അഭിറാം മനോഹർ

ചൊവ്വ, 7 മെയ് 2024 (12:30 IST)
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നിരാശപ്പെടുത്തിയതോടെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ഫോം ആശങ്കയില്‍. ലോകകപ്പില്‍ രോഹിത്തും കോലിയുമായിരിക്കും ഇന്ത്യന്‍ ബാറ്റിംഗ് ഓപ്പണ്‍ ചെയ്യുക എന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. ക്രീസില്‍ സ്റ്റാന്‍ഡ് ചെയ്യാന്‍ കോലി സമയമെടുക്കുന്ന സാഹചര്യത്തില്‍ ആദ്യ ഓവറുകളില്‍ റണ്ണോഴുക്ക് ഉറപ്പാക്കേണ്ടത് രോഹിത്തായിരിക്കും. എന്നാല്‍ ഐപിഎല്ലിലെ കഴിഞ്ഞ അഞ്ച് ഇന്നിങ്ങ്‌സുകളിലെ താരത്തിന്റെ പ്രകടനം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതാണ്.
 
 6,8,4,11,4 എന്നിങ്ങനെയാണ് അവസാന അഞ്ച് ഇന്നിങ്ങ്‌സുകളിലെ രോഹിത്തിന്റെ സ്‌കോറുകള്‍. മറുഭാഗത്ത് വിരാട് കോലി 11 ഇന്നിങ്ങ്‌സുകളില്‍ നിന്നും 542 റണ്‍സുമായി തകര്‍പ്പന്‍ ഫോമിലാണെങ്കിലും കോലിയുടെ സ്‌ട്രൈക്ക് റേറ്റ് ആശങ്ക നല്‍കുന്നതാണ്. പവര്‍ പ്ലേ മുതലാക്കുവാന്‍ കോലിയുടെ കളിശൈലിയ്ക്ക് ആവില്ലെന്നിരിക്കെ രോഹിത് ഫ്രീ വിക്കറ്റാകുന്നത് ഇന്ത്യന്‍ ബാറ്റിംഗിനെ സാരമായി തന്നെ ബാധിക്കും. വെസ്റ്റിന്‍ഡീസ് പിച്ചുകള്‍ യുവതാരങ്ങള്‍ക്ക് പരിചയമില്ല എന്നതും ഇന്ത്യയ്ക്ക് തിരിച്ചടിയാകും.
 
 അതേസമയം കൃത്യസമയത്ത് തന്നെ ഓള്‍ റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയും ഹാര്‍ദ്ദിക് പാണ്ഡ്യയും ഫോമിലെത്തുന്നത് ഇന്ത്യയ്ക്ക് ആശ്വാസകരമാണ്. ബാറ്റ് കൊണ്ട് മികച്ച പ്രകടനമൊന്നും നടത്തിയില്ലെങ്കിലും കഴിഞ്ഞ മത്സരങ്ങളില്‍ ബൗളിംഗിലെ തന്റെ താളം വീണ്ടെടുക്കാന്‍ ഹാര്‍ദ്ദിക്കിനായിട്ടുണ്ട്. രവീന്ദ്ര ജഡേജയും ബാറ്റിംഗിലും ബൗളിംഗിലും മികച്ച പ്രകടനമാണ് നടത്തുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍