അവൻ സെവാഗിനെ ഓർമപ്പെടുത്തുന്ന താരം, ഇന്ത്യ കൂടുതൽ അവസരം നൽകണം: യുവതാരത്തെ പ്രശംസിച്ച് മൈക്കൽ ക്ലാർക്ക്

ബുധന്‍, 2 ഫെബ്രുവരി 2022 (20:40 IST)
ഇന്ത്യൻ ക്രിക്കറ്റിന് മാത്രമല്ല ലോകക്രിക്കറ്റിൽ തന്നെ ആവേശം സൃഷ്ടിച്ച പേരാണ് വിരേന്ദർ സേവാഗ്. ജയസൂര്യയും ഗിൽക്രിസ്റ്റുമെല്ലാം തുടങ്ങിവെച്ച ഓപ്പണിങ് വിക്കറ്റിലെ വിനാശകരമായ ബാറ്റിങിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയ താരമായിരുന്നു സെവാഗ്.സെവാഗിന്‍റെ ശൈലിയോട് സാമ്യമുള്ളൊരു യുവതാരം ടീം ഇന്ത്യയിലുണ്ട് എന്ന് പറയുകയാണ് ഓസീസ് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്.
 
സെവാഗിനെ പോലെ തന്നെ വിസ്‌മയ താരമാണയാൾ. ക്രിക്കറ്റിനെ മുന്നോട്ടുനയിച്ച ജീനിയസായിരുന്നു സെവാഗ്. എന്നെപ്പോലൊരാള്‍ അത്തരം ക്രിക്കറ്റിനെ ഇഷ്‌ടപ്പെടുന്നു. ടോപ് ഓര്‍ഡറില്‍ അഗ്രസീവായ ബാറ്റ്സ്‌മാന്‍ വരുന്നു. അതിനാലാണ് സെവാഗ് എന്റെ ഫേവറേറ്റ് താരങ്ങളിലൊരാളായത്. ഇന്ത്യൻ യുവതാരമായ പൃഥ്വി ഷായെ പറ്റി ക്ലാർക്ക് പറഞ്ഞു.
 
യുവതാരമെന്ന നിലയിൽ ഇന്ത്യ കൂടുതൽ അവനെ പിന്തുണയ്ക്കുമെന്ന് ഞാൻ കരുതുന്നു. പൃഥ്വി ഷായില്‍ ഇപ്പോള്‍ വലിയ പ്രതീക്ഷയര്‍പ്പിക്കുന്നതില്‍ കാര്യമില്ല. കൂടുതല്‍ സമയം നല്‍കണം എന്നും ക്ലാർക്ക് പറഞ്ഞു. 18-ാം വയസില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറിയെങ്കിലും പരിക്കും ഫോമില്ലായ്‌മയും പൃഥ്വി ഷായെ ഇന്ത്യന്‍ ടീമില്‍ നിന്ന് അകറ്റുകയായിരുന്നു.
 
 22കാരനായ ഷാ അഞ്ച് ടെസ്റ്റില്‍ ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറിയും സഹിതം 339 റണ്‍സും ആറ് ഏകദിനത്തില്‍ 189 റണ്‍സും നേടിയിട്ടുണ്ട്. ക്രിക്കറ്റിലെ എക്കാലത്തെയും അപകടകാരിയായ ഓപ്പണര്‍മാരില്‍ ഒരാള്‍ എന്ന വിശേഷണമുള്ള സെവാഗ് 104 ടെസ്റ്റില്‍ 8586 റണ്‍സും 251 ഏകദിനത്തില്‍ 8273 റണ്‍സും 19 രാജ്യാന്തര ടി20യില്‍ 394 റണ്‍സുമാണ് നേടിയിട്ടു‌ള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍