ചട്ടം ലംഘിച്ച് സെലക്ഷൻ കമ്മിറ്റി മീറ്റിംഗിൽ പങ്കെടുക്കുന്നു: ഗാംഗുലിക്കെതിരെ വിമർശനം

ബുധന്‍, 2 ഫെബ്രുവരി 2022 (19:36 IST)
ബിസിസിഐ പ്രസിഡന്റായ സൗരവ് ഗാംഗുലി ചട്ടം ലംഘിച്ച് സെലക്ഷൻ കമ്മിറ്റി മീറ്റിഗുകളിൽ നിർബന്ധപൂർവം പങ്കെടുക്കുന്നതായി ആരോപണം. സെലക്ഷന്‍ കമ്മിറ്റി മീറ്റിംഗില്‍ സെലക്ടര്‍മാരും ബിസിസിഐ സെക്രട്ടറിയുമാണ് പങ്കെടുക്കേണ്ടത്. കീഴ്‌വഴക്കമെന്ന നിലയിൽ സെലക്ഷന്‍ കമ്മിറ്റി മീറ്റിംഗിന് മുമ്പ് ടീം നായകനുമായും മുഖ്യ പരിശീലകനുമായും സെലക്ടര്‍മാര്‍ ചര്‍ച്ച നടത്താറുണ്ട്. എന്നാൽ ചട്ടങ്ങളെ‌ല്ലാം കാറ്റിൽ പറത്തിൽ ഗാംഗുലി ടീം സെലക്ഷനില്‍ ഇടപെടുന്നുവെന്നുമാണ് പുതിയ ആരോപണം.
 
ടീം സെലക്ഷനില്‍ ബിസിസിഐ കൈകടത്തുന്നതായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ ട്വീറ്റാണ് വിവാദത്തിന് തുടക്കമിട്ടത്. സെലക്ഷൻ കമ്മിറ്റി യോഗങ്ങളിൽ ബിസിസിഐ പ്രസിഡന്റിന് റോളൊന്നുമില്ലെങ്കിലും ഗാംഗുലി ടീം സെലക്ഷനിൽ ഇടപെടുന്നുവെന്നാണ് ആരോപണം.ആരോപണങ്ങളോട് ഗാംഗുലിയോ ബിസിസിഐയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. 
 
നേരത്തെ വിരാട് കോലിയെ ഏകദിന ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കിയതുമായി ബന്ധപ്പെട്ടും ഗാംഗുലി വിവാദത്തിലായിരുന്നു. ടി20 ക്യാപ്‌റ്റൻ സ്ഥാനം ഒഴിയരുതെന്ന് കോലിയോട് താൻ അഭ്യർത്ഥിച്ചിരുന്നുവെന്നും ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കുന്ന കാര്യം കോലിയെ നേരത്തെ അറിയിച്ചിരുന്നുവെന്നും ഗാംഗുലി പറഞ്ഞിരുന്നു. എന്നാൽ ഈ വാദങ്ങൾ കോലി പരസ്യമായി തള്ളികളഞ്ഞിരുന്നു.
 
ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റുന്ന കാര്യം തീരുമാനം വരുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് മാത്രമാണ് താന്‍ അറിഞ്ഞതെന്നും ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയരുതെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും കോലി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ടെസ്റ്റ് ടീം നായകസ്ഥാനത്ത് നിന്നും കോലി പിന്മാറിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍