HBD Rohit sharma: സ്ഥിരതയില്ലാത്തവനെന്ന പേരിൽ നിന്ന് ഹിറ്റ്മാനിലേക്ക്, രോഹിത് ശർമയ്ക്ക് ഇന്ന് മുപ്പത്തിയാറാം പിറന്നാൾ

Webdunia
ഞായര്‍, 30 ഏപ്രില്‍ 2023 (11:02 IST)
ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഓപ്പണർമാരിൽ ഒരാളാണ് ഇന്ത്യയുടെ രോഹിത് ശർമ. ഏകദിനത്തിൽ 3 ഡബിൾ സെഞ്ചുറികൾ സ്വന്തമായുള്ള ഏക താരവും ഒരു ലോകകപ്പിൽ നിന്ന് മാത്രം 5 സെഞ്ചുറികൾ സ്വന്തമാക്കിയിട്ടുള്ള താരവും രോഹിത് ശർമ മാത്രമാണ്. എന്നാൽ കരിയറിൻ്റെ തുടക്കക്കാലത്ത് മികച്ച പ്രതിഭയെന്ന വിശേഷണം സ്വന്തമാക്കാൻ സാധിച്ചിട്ടും സ്ഥിരതയില്ലായ്മയുടെ പേരിൽ പലപ്പോഴും ടീമിൽ നിന്ന് പുറത്തായിരുന്നു രോഹിത്തിൻ്റെ സ്ഥാനം. എന്നാൽ ഈ ചീത്തപേരെല്ലാം കഴുകി കളഞ്ഞ് ഇന്ത്യൻ ടീമിൻ്റെ ഹിറ്റ്മാനായി മാറാൻ രോഹിത്തിനായി.
 
2007 ജൂൺ 23ന് അയർലൻഡിനെതിരായ ഏകദിന മത്സരത്തിലായിരുന്നു രോഹിത്തിൻ്റെ അരങ്ങേറ്റം. 2007ൽ കോമൺവെൽത്ത് ബാങ്ക് സീരീസിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഈ വർഷം ഇന്ത്യയുടെ ടി20 ലോകകപ്പ് നേടിയ ടീമിൽ സ്ഥാനം നേടാനും താരത്തിനായി. എന്നാൽ മികച്ച ചില പ്രകടനങ്ങൾക്ക് ശേഷം നിറം മങ്ങിയതോടെ രോഹിത്തിൻ്റെ ടീമിലെ സ്ഥാനം വൈകാതെ തന്നെ നഷ്ടപ്പെട്ടു. വിരാട് കോലിയായിരുന്നു രോഹിത്തിന് പകരമെത്തിയ താരം.
 
എന്നാൽ 2009ൽ ആഭ്യന്തരക്രിക്കറ്റിലെ മികച്ച പ്രകടനങ്ങൾ രോഹിത്തിന് വീണ്ടും ഇന്ത്യൻ ടീമിൽ സ്ഥാനം നേടികൊടുത്തു. 2010ൽ ഇന്ത്യയ്ക്കായി 2 സെഞ്ചുറികൾ കണ്ടെത്തിയെങ്കിലും വീണ്ടും താരം തുടർച്ചയായി നിരാശപ്പെടുത്തി. ഇതോടെ 2011ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്നും രോഹിത് വീണ്ടും പുറത്തായി. 2011ൽ വീണ്ടും ചില കൊള്ളിയാൽ പ്രകടനങ്ങൾ താരം നടത്തിയെങ്കിലും ഒരു നല്ല സ്കോറിന് ശേഷം നിരാശപ്പെടുത്തുന്ന താരത്തിൻ്റെ കളിശൈലി ചോദ്യം ചെയ്യപ്പെട്ടു., മികച്ച പ്രതിഭയെന്ന് ക്രിക്കറ്റ് ലോകം ഒന്നടങ്കം വിശേഷിപ്പിക്കുമ്പോഴും സ്ഥിരത താരത്തിന് മുന്നിൽ വലിയ വെല്ലുവിളിയായി.
 
2012ൽ 12.92 ബാറ്റിംഗ് ശരാശരിയിൽ 168 റൺസ് മാത്രമാണ് രോഹിത് നേടിയത്. കരിയർ തന്നെ മോശം ഫോമിനെ തുടർന്ന് അവസാനിക്കും എന്ന അവസ്ഥയിൽ അന്നത്തെ ഇന്ത്യൻ നായകൻ മഹേന്ദ്രസിംഗ് ധോനി നൽകിയ പിന്തുണയാണ് താരത്തെ ഇന്ത്യൻ ക്രിക്കറ്റിൻ്റെ ഹിറ്റ്മാനിലേക്ക് വളർത്തിയത്. 2013ൽ ധോനിയാണ് മധ്യനിരയിൽ നിന്നും രോഹിത്തിനെ ഓപ്പണറാക്കി സ്ഥാനക്കയറ്റം നൽകിയത്. 2013ലെ ചാമ്പ്യൻസ് ട്രോഫിയിൽ ശിഖർ ധവാനും രോഹിത്തും ചേർന്ന ഓപ്പണിംഗ് ജോഡി ഹിറ്റായി മാറി. തുടർന്ന് രോഹിത്തിന് ഒരിക്കൽ പോലും തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2013,2014 വർഷങ്ങളിൽ മികച്ച പ്രകടനങ്ങൾ നടത്തിയ താരം ആ വർഷം ഏകദിന ക്രിക്കറ്റിലെ തൻ്റെ ആദ്യ ഡബിൾ സെഞ്ചുറി നേട്ടം സ്വന്തമാക്കി.
 
2019ലെ ഏകദിന ലോകകപ്പിൽ 9 മത്സരങ്ങളിൽ നിന്നും 81 എന്ന മികച്ച ബാറ്റിംഗ് ശരാശരിയിൽ 648 റൺസാണ് രോഹിത് അടിച്ചുകൂട്ടിയത്. ടൂർണമെൻ്റിൽ അഞ്ച് സെഞ്ചുറികളും താരം സ്വന്തമാക്കി. ഏകദിനക്രിക്കറ്റിൽ 3 ഡബിൾ സെഞ്ചുറികളും ടി20യിൽ 4 സെഞ്ചുറികളും സ്വന്തമാക്കിയ രോഹിത് വളരെ പെട്ടെന്നാണ് ഒരു ഫ്ലോപ്പ് താരം എന്നതിൽ നിന്നും മാറി ഇന്ത്യയുടെ ഹിറ്റ്മാനായി ഉയർന്നത്. താരത്തിന് 36 വയസ്സാകുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിൽ രോഹിത്തിന് പകരം താരമാര് എന്ന ചോദ്യം കൂടി ഉയരുകയാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article