ക്യാപ്റ്റന്റെ ഇന്നിങ്ങ്‌സുമായി ഹര്‍മന്‍പ്രീത്, 6 വിക്കറ്റുമായി ക്രാന്തി ഗൗഡ്, ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍

അഭിറാം മനോഹർ

ബുധന്‍, 23 ജൂലൈ 2025 (13:34 IST)
Harman preet kaur
ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ 13 റണ്‍സിന്റെ ആവേശജയവുമായി ഇന്ത്യന്‍ വനിതകള്‍. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ വനിതകള്‍ ക്യാപ്റ്റനായ ഹര്‍മന്‍പ്രീത് കൗറിന്റെ സെഞ്ചുറിയുടെ ബലത്തില്‍ 50 ഓവറില്‍ 318 റണ്‍സാണ് സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് വനിതകളുടെ മറുപടി 49.5 ഓവറില്‍ 305 റണ്‍സില്‍ അവസാനിച്ചു. 98 റണ്‍സുമായി നാറ്റ് സ്‌കെവറും അര്‍ധസെഞ്ചുറിയുമായി എമ്മ ലാംബും പൊരുതിയെങ്കിലും ഇംഗ്ലണ്ടിന് വിജയം സ്വന്തമാക്കാനായില്ല. 
 
 മൂണ്ണ് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ വിജയിച്ചിരുന്നു. ഇതോടെ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി. നേരത്തെ ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പരയും സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി പ്രതിക റാവലും(26), സ്മൃതി മന്ദാനയും(45) ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. മൂന്നാമതെത്തിയ ഹര്‍ലീന്‍ ഡിയോള്‍ (45) റണ്‍സുമായി ഹര്‍മന്‍പ്രീതിന് മികച്ച പിന്തുണ നല്‍കി. ശേഷമെത്തിയ ജെമീമ റോദ്രിഗസും 45 പന്തില്‍ 50 റണ്‍സോട് തിളങ്ങി. അവസാന ഓവറുകളില്‍ റിച്ച ഘോഷും തകര്‍ത്തടിച്ചതോടെയാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്.84 പന്തില്‍ 14 ബൗണ്ടറികളടക്കം 102 റണ്‍സാണ് ഹര്‍മന്‍പ്രീത് നേടിയത്.
 
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലെ 2 വിക്കറ്റുകള്‍ നഷ്ടമായെങ്കിലും 81 പന്തില്‍ 68 റണ്‍സുമായി എമ്മാ ലാംബും 105 പന്തില്‍ 98 റണ്‍സ് നേടിയ നാറ്റ് സ്‌കെവറും കൂടി ശക്തമായ നിലയിലെത്തിച്ചു. എന്നാല്‍ അഞ്ചോവറിന്റെ ഇടവേളയില്‍ ഈ രണ്ട് വിക്കറ്റുകളും മടങ്ങിയത് മത്സരത്തില്‍ നിര്‍ണായകമായി. ഇന്ത്യയ്ക്ക് വേണ്ടി ക്രാന്തി ഗൗഡ് 52 റണ്‍സ് വഴങ്ങി 6 വിക്കറ്റുകള്‍ വീഴ്ത്തി. ഇതോടെ ഇന്ത്യയ്ക്കായി ഏകദിന ക്രിക്കറ്റില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ വനിതാ താരമായി 18കാരിയായ ക്രാന്തി ഗൗഡ് മാറി.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍