എന്തിനാടാ ജയിച്ചിട്ട് ... നമ്മൾ പാകിസ്ഥാനാണ്, ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യിലും പാകിസ്ഥാന് തോൽവി

അഭിറാം മനോഹർ

ബുധന്‍, 23 ജൂലൈ 2025 (13:14 IST)
Pak vs Ban
ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും നാണം കെട്ട തോല്‍വി ഏറ്റുവാങ്ങി പാകിസ്ഥാന്‍. ആദ്യ 2 ടി20 മത്സരങ്ങളും പരാജയപ്പെട്ടതോടെ പാകിസ്ഥാന്‍ പരമ്പര കൈവിട്ടു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 20 ഓവറില്‍ 133 റണ്‍സിന് ഒതുക്കാനായെങ്കിലും മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാനെ 19.2 ഓവറില്‍ 125 റണ്‍സിന് പുറത്താക്കാന്‍ ബംഗ്ലാദേശിനായി.
 
55 റണ്‍സോടെ ജാക്കര്‍ അലിയും 33 റണ്‍സുമായി മെഹ്ദി ഹസനുമാണ് ബംഗ്ലാദേശ് നിരയില്‍ തിളങ്ങിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ ഫഖര്‍ സമന്‍ 8 റണ്‍സിന് പുറത്തായപ്പോള്‍ സയ്യിം അയൂബ്(1), മുഹമ്മദ് ഹാരിസ്(0), ക്യാപ്റ്റന്‍ സല്‍മാന്‍ ആഗ(9), ഹസന്‍ നവാസ്(0), മുഹമ്മദ് നവാസ്(0) എന്നിങ്ങനെയാണ് പുറത്തായത്. ഇതോടെ 15 റണ്‍സിനിടെ 5 വിക്കറ്റുകള്‍ പാകിസ്ഥാന് നഷ്ടമായി. 47 റണ്‍സിന് 7 വിക്കറ്റെന്ന നിലയില്‍ കൂപ്പുക്കുത്തിയ പാകിസ്ഥാനെ എട്ടാമനായി ഇറങ്ങിയ ഫഹീം അഷ്‌റഫാണ് 100 കടത്താൻ സഹായിച്ചത്.
 
32 പന്തില്‍ 51 റണ്‍സുമായി ചെറുത്തുനിന്ന ഫഹീം അഷ്‌റഫിന് 13 റണ്‍സുമായികുല്‍ദില്‍ ഷാ, 19 റണ്‍സുമായി അബ്ബാസ് അഫ്രീദി, 17 റണ്‍സുമായി അഹമ്മദ് ദാനിയേല്‍ എന്നിവര്‍ വാലറ്റത്ത് മികച്ച പിന്തുണ നല്‍കിയെങ്കിലും പാകിസ്ഥാന്‍ പോരാട്ടം 8 റണ്‍സകലെ അവസാനിച്ചു. 2 വിക്കറ്റ് കൈയ്യിലിരിക്കെ അവസാന രണ്ടോവറില്‍ 28 റണ്‍സാണ് പാകിസ്ഥാന് വേണ്ടിയിരുന്നത്. റിഷാദ് ഹൊസൈന്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 15 റണ്‍സെടുത്ത് പാകിസ്ഥാന്‍ വിജയപ്രതീക്ഷ നിലനിര്‍ത്തിയെങ്കിലും പത്തൊമ്പതാം ഓവറില്‍ അര്‍ധസെഞ്ചുറി തികച്ച ഫഹീം അഷ്‌റഫ് പുറത്തായത് പാകിസ്ഥാന് തിരിച്ചടിയാവുകയായിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍