രോഹിത് ശർമയും സംഘവും പ്രചോദനം, രാജ്യത്തിന് ആഘോഷിക്കാൻ വീണ്ടും അവസരം ഒരുക്കുക ലക്ഷ്യമെന്ന് ഹർമൻപ്രീത് കൗർ

അഭിറാം മനോഹർ

ചൊവ്വ, 10 സെപ്‌റ്റംബര്‍ 2024 (16:36 IST)
പുരുഷ വിഭാഗത്തില്‍ ഈ വര്‍ഷം ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യ വനിതാ വിഭാഗത്തില്‍ കൂടി ഒരു ടി20 ലോകകപ്പിനായി തയ്യാറെടുക്കുകയാണ്. ഇന്ത്യന്‍ പുരുഷ ടീമിനെ പോലെ ഇക്കുറി വനിതാ ടീമും ലോകകപ്പ് സ്വന്തമാക്കുമെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. പുരുഷ ക്രിക്കറ്റിലെ പോലെ തന്നെ കരുത്തരായ ഓസ്‌ട്രേലിയ തന്നെയാണ് വനിതാ ലോകകപ്പിലും ഇന്ത്യയുടെ പ്രധാനവെല്ലുവിളി.
 
 ഇപ്പോഴിതാ ലോകകപ്പിനുള്ള തയ്യാറെടുപ്പുകളെ പറ്റി പ്രതീകരിച്ചിരിക്കുകയാണ് വനിതാ ടീം ക്യാപ്റ്റനായ ഹര്‍മന്‍ പ്രീത് കൗര്‍.  2020ല്‍ ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ തകര്‍ത്തത് ഓസീസായിരുന്നു. അതിനാല്‍ തന്നെ ഓസ്‌ട്രേലിയ തകര്‍ത്ത് കപ്പടിക്കാനാണ് ഇത്തവണ ഇന്ത്യ ലക്ഷ്യമിടുന്നത്. സ്മൃതി മന്ദാനയും ഷെഫാലി ഷര്‍മയും ജെമീമ റോഡ്രിഗസുമെല്ലാം അടങ്ങുന്ന ശക്തമായ ബാറ്റിംഗ് നിരയാണ് ഇത്തവണ ഇന്ത്യയ്ക്കുള്ളത്. പുരുഷ ടി20യില്‍ കപ്പടിച്ച രോഹിത് ശര്‍മയും സംഘവും തങ്ങള്‍ക്ക് പ്രചോദനമാണെന്നും വനിതാ വിഭാഗത്തില്‍ കപ്പടിച്ച് രാജ്യത്തിന് സന്തോഷിക്കാന്‍ വീണ്ടും നിമിഷങ്ങള്‍ സൃഷ്ടിക്കുകയാണ് തന്റെയും ടീമിന്റെയും ലക്ഷ്യമെന്ന് ഹര്‍മന്‍ പ്രീത് കൗര്‍ പറയുന്നു.
 
 2017ലെ ഏകദിന ലോകകപ്പ് ഫൈനലിലും 2020ലെ ടി20 ലോകകപ്പ് ഫൈനലിലും പിന്നാലെ കോമണ്‍വെല്‍ത്ത് ഫൈനലിലും ഇക്കൊല്ലം ഏഷ്യാകപ്പ് ഫൈനലിലും ഇന്ത്യന്‍ വനിതകള്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും പാകിസ്ഥാനും ശ്രീലങ്കയുമടങ്ങിയ മരണഗ്രൂപ്പിലാണ് ഇന്ത്യയുള്ളത്. ഒക്ടോബര്‍ നാലിന് ന്യൂസിലന്‍ഡിനെതിരെയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍