Hardik Pandya: സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി ഹാര്‍ദിക് പാണ്ഡ്യ. ഗ്രൂപ്പ് ഇയില്‍ തമിഴ്‌നാടിനെതിരായ മത്സരത്തില്‍ ബറോഡയ്ക്കു വേണ്ടി ഹാര്‍ദിക് അര്‍ധ സെഞ്ചുറി നേടി. വെറും 30 പന്തില്‍ നാല് ഫോറും ഏഴ് സിക്‌സും സഹിതം 69 റണ്‍സാണ് ഹാര്‍ദിക് പാണ്ഡ്യ നേടിയത്. 230 ആണ് താരത്തിന്റെ സ്‌ട്രൈക് റേറ്റ്.
ടോസ് ലഭിച്ച ബറോഡ നായകന്‍ ക്രുണാല്‍ പാണ്ഡ്യ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ തമിഴ്‌നാട് 221 റണ്‍സ് നേടി. മൂന്ന് ഓവറില്‍ 44 റണ്‍സാണ് ഹാര്‍ദിക് പാണ്ഡ്യ ബൗളിങ്ങില്‍ വഴങ്ങിയത്. തമിഴ്‌നാട് താരം വിജയ് ശങ്കര്‍ ഹാര്‍ദിക്കിന്റെ ഓരോവറില്‍ മൂന്ന് സിക്‌സ് അടിക്കുകയും ചെയ്തു. ബൗളിങ്ങില്‍ നിറം മങ്ങിയ ഹാര്‍ദിക് ബാറ്റിങ്ങിനു എത്തിയപ്പോള്‍ തനിക്കു കിട്ടിയതെല്ലാം പലിശ സഹിതം തിരിച്ചുകൊടുത്തു.