സച്ചിനും ദ്രാവിഡുമെല്ലാം നേരിട്ട് ഉപദേശിച്ചു, എന്നിട്ടും അവൻ നന്നായില്ല, അവരൊക്കെ മണ്ടന്മാരാണോ? പൊട്ടിത്തെറിച്ച് മുൻ സെലക്ടർ

അഭിറാം മനോഹർ

ബുധന്‍, 27 നവം‌ബര്‍ 2024 (19:30 IST)
ഐപിഎല്‍ താരലേലത്തില്‍ ഒരു ടീമും എടുക്കാന്‍ താത്പര്യം കാണിക്കാതിരുന്ന യുവതാരം പൃഥ്വി ഷായ്‌ക്കെതിരെ രൂക്ഷഭാഷയില്‍ പ്രതികരിച്ച് ബിസിസിഐ മുന്‍ സെലക്ടര്‍. ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയും രാഹുല്‍ ദ്രാവിഡുമെല്ലാം ഉപദേശിച്ചിട്ടും പൃഥ്വി ഷാ നന്നായില്ലെന്നും ഇവരെല്ലാവരും മണ്ടന്മാരാണോ എന്നും പേരു വെളിപ്പെടുത്തരുതെന്ന നിബന്ധനയില്‍ ബിസിസിഐ മുന്‍ സെലക്ടര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചു.
 
ഡല്‍ഹി ക്യാപ്പിറ്റല്‍സിലുള്ളപ്പോള്‍ സൗരവ് ഗാംഗുലിയും റിക്കി പോണ്ടിംഗും അണ്ടര്‍ 19 ടീമിലുണ്ടായിരുന്നപ്പോള്‍ രാഹുല്‍ ദ്രാവിഡുമെല്ലാം പൃഥ്വിയെ നന്നാക്കാനായി ശ്രമിച്ചിരുന്നു. എന്നാല്‍ അവരുടെ വാക്കുകളൊന്നും തന്നെ പൃഥ്വി കേട്ടില്ല. അവനില്‍ യാതൊരു മാറ്റവുമുണ്ടായില്ല. ഇനി എന്തെങ്കിലും മാറ്റമുണ്ടായെങ്കില്‍ തന്നെ അതൊന്നും തന്നെ പ്രകടമല്ല. അവരാരും മണ്ടന്മാരായത് കൊണ്ടല്ല അവനെ അവര്‍ ഉപദേശിച്ചതെന്നും സെലക്ടര്‍ പറഞ്ഞു.
 
 25കാരനായ പൃഥ്വി ഷാ തന്റെ പതിനെട്ടാം വയസില്‍ ടെസ്റ്റില്‍ സെഞ്ചുറിയോടെ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച താരമാണ്. എന്നാല്‍ മോശം പ്രകടനങ്ങള്‍ തുടര്‍ക്കഥയായതോടെ 2021ല്‍ താരത്തിന് ദേശീയ ടീമില്‍ അവസരം നഷ്ടമായി. 2022ലെ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ഇടം ലഭിച്ചെങ്കിലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. ഈ രഞ്ജി സീസണില്‍ അമിതഭാരവും ഫിറ്റ്‌നസ് കുറവും കാരണം മുംബൈയുടെ രഞ്ജി ടീമില്‍ നിന്നും പൃഥ്വി ഷാ ഒഴിവാക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഐപിഎല്ലിലും താരത്തെ ടീമുകള്‍ തഴഞ്ഞത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍