'നിങ്ങളേക്കാള്‍ പരിചയസമ്പത്ത് അയാള്‍ക്കുണ്ട്, ചെയ്തത് മോശമായിപ്പോയി'; ദിനേശ് കാര്‍ത്തിക്കിന് സ്‌ട്രൈക്ക് നല്‍കാത്തതില്‍ ഹാര്‍ദിക്കിന് വിമര്‍ശനം

Webdunia
വെള്ളി, 10 ജൂണ്‍ 2022 (14:53 IST)
ഒരിടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഹാര്‍ദിക് പാണ്ഡ്യയും ദിനേശ് കാര്‍ത്തിക്കും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 യില്‍ ഇരുവരും പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചു. തകര്‍പ്പന്‍ വെടിക്കെട്ടുമായി തിരിച്ചുവരവ് ആഘോഷമാക്കാന്‍ ഹാര്‍ദിക്കിന് ഇന്നലെ സാധിച്ചു. 12 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും സഹിതം 31 റണ്‍സെടുത്ത് ഹാര്‍ദിക് പുറത്താകാതെ നിന്നു. എന്നാല്‍ അവസാന ഓവറില്‍ ബാറ്റ് ചെയ്യാനെത്തിയ കാര്‍ത്തിക്കിന് രണ്ട് പന്തുകള്‍ മാത്രമാണ് നേരിടാന്‍ ലഭിച്ചത്. ഇന്നിങ്‌സ് കഴിയുമ്പോള്‍ ഒരു റണ്‍സുമായി കാര്‍ത്തിക് പുറത്താകാതെ നില്‍ക്കുന്നു. 
 
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ആന്റിച്ച് നോര്‍ക്ക്യയാണ് അവസാന ഓവര്‍ എറിഞ്ഞത്. ഈ ഓവറിലെ അഞ്ചാം പന്തില്‍ ഹാര്‍ദിക് പാണ്ഡ്യ സിംഗിള്‍ എടുക്കാന്‍ മടിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ആ സമയത്ത് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ദിനേശ് കാര്‍ത്തിക് ആയിരുന്നു. നാലാം പന്തില്‍ സിക്‌സര്‍ പറത്തിയ ഹാര്‍ദിക്, തൊട്ടടുത്ത പന്ത് മിഡ് വിക്കറ്റിലേക്ക് പായിച്ചെങ്കിലും ബൗണ്ടറി ലൈനിനു സമീപം ഫീല്‍ഡര്‍ പന്ത് കയ്യിലൊതുക്കി. എന്നാല്‍ ഹാര്‍ദിക് ഓടാന്‍ കൂട്ടാക്കിയില്ല. സിംഗിള്‍ ഓടിയെടുക്കാന്‍ ഇഷ്ടം പോലെ സമയമുണ്ടായിരുന്നു. അടുത്ത പന്ത് ബൗണ്ടറി പായിക്കാമെന്ന കണക്കുകൂട്ടലിലാണ് ഹാര്‍ദിക് സ്‌ട്രൈക്ക് മാറാതിരുന്നത്. സിംഗിള്‍ എടുക്കാത്തതിന്റെ കാരണം കാര്‍ത്തിക്, ഹാര്‍ദിക്കിനോട് ചോദിക്കുകയും ചെയ്യും. അവസാന പന്തില്‍ ഹാര്‍ദിക് കൂറ്റനടിക്കു ശ്രമിച്ചെങ്കിലും ഡബിള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
 
ദിനേശ് കാര്‍ത്തിക്കിനെ പോലെ ഇത്രയും പരിചയസമ്പന്നനായ ബാറ്റര്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ഉള്ളപ്പോള്‍ സിംഗിള്‍ എടുക്കാന്‍ മടിച്ച ഹാര്‍ദിക്കിന്റെ പ്രവൃത്തി ന്യായീകരിക്കാന്‍ സാധിക്കില്ലെന്നാണ് ആരാധകരുടെ വിമര്‍ശനം. കാര്‍ത്തിക്കിന്റെ അനുഭവസമ്പത്തിനെ പരിഹസിക്കുകയാണ് ഹാര്‍ദിക് ചെയ്തതെന്ന് ആരാധകര്‍ വിമര്‍ശിക്കുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article