ഈ വർഷത്തെ ടി20 ലോകകപ്പിൽ നിരാശജനകമായ പ്രകടനമായിരുന്നു ഇന്ത്യൻ സംഘം നടത്തിയത്. ടീമിലെ മുൻ നിര താരങ്ങൾ നിർണായക ഘട്ടത്തിൽ പരാജയപ്പെട്ടപ്പോൾ ടൂർണമെന്റിൽ ഒന്നടങ്കം വിവാദമായി കത്തി നിന്നത് ടീമിലെ ഹാർദ്ദിക് പാണ്ഡെയുടെ സാന്നിധ്യമാണ്. ഓൾറൗണ്ടറായാണ് ടീമിലിടം നേടിയതെങ്കിലും ബാറ്റിങിലും ബൗളിങിലും മികച്ച പ്രകടനം കാഴ്‌ച്ചവെയ്ക്കാൻ താരത്തിനായിരുന്നില്ല.
ന്യൂസിലൻഡിനെതിരെ നടക്കാനിരിക്കുന്ന മൂന്ന് ടി20 മത്സരങ്ങൾക്കുള്ള ടീമിൽ നിന്ന് പുറത്തായിരിക്കുകയാണ് പാണ്ഡ്യെ.ഇപ്പോളിതാ ആഭ്യന്തര ക്രിക്കറ്റിൽ കഴിവ് തെളിയിക്കാതെ ഇന്ത്യൻ ടീമിലേക്ക് ഹാർദ്ദിക്കിനെ പരിഗണിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ടീം സെലക്‌ടർമാരിൽ ഒരാൾ. ഇൻസൈഡ് സ്പോർട്‌സിനോട് സംസാരിക്കവെയാണ് പേര് വെളിപ്പെടുത്താതെ ഒരു ബിസിസിഐ സെലക്‌ടർ ഹാർദ്ദിക്കിന്റെ കാര്യം വ്യക്തമാക്കിയത്.
അതേസമയം ഹാർദ്ദിക്കിന് പകരം വലം കൈയ്യൻ പേസറും വെടിക്കെട്ട് ബാറ്റ്സ്മാനുമായ വെങ്കിടേഷ് അയ്യരെ വളർത്തിയെടുക്കാൻ ടീം പദ്ധതിയിടുന്നതായാണ് സൂചന.