Happy Birthday Sachin Tendulkar: ലോകക്രിക്കറ്റിലെ ഇതിഹാസതാരമായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പിറന്നാള്‍ നിറവില്‍. 1973 ഏപ്രില്‍ 24ന് മുംബൈ ബാന്ദ്രയില്‍ കോളേജ് അധ്യാപകനായ രമേശ് ടെന്‍ഡുല്‍ക്കറിന്റെയും ഇന്‍ഷുറന്‍സ് ഉദ്യോഗസ്ഥയായ രജനിയുടെയും മകനായിട്ടായിരുന്നു സച്ചിന്റെ ജനനം. താരത്തിനു ഇപ്പോള്‍ 51 വയസ്സായി. 1998ല്‍ സുഹൃത്തായ വിനോദ് കാംബ്ലിക്കൊപ്പം സ്‌കൂള്‍ ക്രിക്കറ്റില്‍ തീര്‍ത്ത 664 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് സച്ചിനെ രാജ്യത്ത് ശ്രദ്ധേയനാക്കിയത്. തുടര്‍ന്ന് ഇന്ത്യയുടെ സീനിയര്‍ ടീമിലെത്തിയ സച്ചിന്റെ യാത്ര തികച്ചും അത്ഭുതകരമായിരുന്നു.
പതിനാറാം വയസില്‍ അത്ഭുതബാലനെന്ന വിശേഷണം ഏറ്റുവാങ്ങി അരങ്ങേറിയത് മുതല്‍ ഇന്ത്യക്കാര്‍ക്കിടയില്‍ ക്രിക്കറ്റിന് ഇത്രയും ആരാധകരെ സൃഷ്ടിച്ചതില്‍ സച്ചിനെന്ന ജീനിയസിന്റെ പങ്ക് അതുല്യമാണ്. 24 വര്‍ഷക്കാലത്തോളം നീണ്ട ആ ദീര്‍ഘമായ കരിയര്‍ 2013ലാണ് സച്ചിന്‍ അവസാനിപ്പിച്ചത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മൂന്നക്കം കുറിക്കുന്ന പ്രായം കുറഞ്ഞ ഇന്ത്യക്കാരന്‍, രഞ്ജിയിലും ദുലീപ് ട്രോഫിയിലും ഇറാനി കപ്പിലും അരങ്ങേറ്റ മത്സരത്തില്‍ സെഞ്ചുറി എന്നിങ്ങനെ റെക്കോര്‍ഡുകള്‍ ഒപ്പം കൂട്ടിയ സച്ചിന്‍ പിന്‍കാലത്ത് അന്താരാഷ്ട്ര ക്രിക്കറ്റിലെ ഒട്ടുമിക്ക റെക്കോര്‍ഡുകളും തന്റെ പേരില്‍ എഴുതിചേര്‍ത്തു. 1989ല്‍ പാകിസ്ഥാന്‍ പര്യടനത്തിനിടെയായിരുന്നു അന്താരാഷ്ട്രക്രിക്കറ്റില്‍ സച്ചിന്റെ അരങ്ങേറ്റം.
ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയുടെ പ്രധാനതാരമായി വളര്‍ന്ന സച്ചിന്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരം മാത്രമല്ല ക്രിക്കറ്റിലെ ദൈവമായി തന്നെ വളരുകയായിരുന്നു. ക്രിക്കറ്റെന്നാല്‍ ഇന്ത്യക്കാര്‍ക്ക് മതമാണെങ്കില്‍ അവര്‍ ആരാധിക്കുന്ന ദൈവമെന്ന നിലയിലേക്ക് സച്ചിന്‍ വളര്‍ന്നു. ക്രിക്കറ്റിലെ ഒരുപാട് റെക്കോര്‍ഡുകളില്‍ നിന്നും സച്ചിന്റെ പേര് മാറ്റപ്പെട്ടേക്കാം പല റെക്കോര്‍ഡുകളും തകര്‍ന്നു വീണേക്കാം അപ്പോഴും ഒരു ജനത ക്രിക്കറ്റിനെ നെഞ്ചേറ്റുന്നതില്‍ സച്ചിന്‍ എന്ന താരം വഹിച്ച പങ്കിനെ വിസ്മരിക്കാനാകില്ല.
200 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 53.78 ശരാശരിയില്‍ 15,921 റണ്‍സ് സച്ചിന്‍ നേടിയിട്ടുണ്ട്. 463 ഏകദിനങ്ങളില്‍ നിന്നായി 44.83 ശരാശരിയില്‍ 18,426 റണ്‍സും. രാജ്യാന്തര ക്രിക്കറ്റില്‍ 100 സെഞ്ചുറികള്‍ നേടിയ ഏക താരം സച്ചിനാണ്. ഏകദിനത്തില്‍ ആദ്യ ഇരട്ട സെഞ്ചുറിയും സച്ചിന്റെ പേരില്‍ തന്നെ. ഏകദിനത്തില്‍ 154 വിക്കറ്റുകളും ടെസ്റ്റില്‍ 46 വിക്കറ്റുകളും സച്ചിന്‍ നേടി. 2003 ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടി ടൂര്‍ണമെന്റിലെ താരമായി. 2011 ഏകദിന ലോകകപ്പ് ഇന്ത്യ നേടുമ്പോള്‍ ടീമില്‍ സച്ചിനും ഉണ്ടായിരുന്നു.