ഇന്ത്യന്‍ ടീമില്‍ രണ്ട് ഗ്രൂപ്പുകള്‍, ചിലര്‍ പരസ്പരം മിണ്ടില്ല; കോലി അപ്രാപ്യനെന്ന് മുതിര്‍ന്ന താരങ്ങള്‍

Webdunia
വെള്ളി, 10 ഡിസം‌ബര്‍ 2021 (17:19 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനുള്ളില്‍ ഗ്രൂപ്പിസം പുകയുന്നതായി റിപ്പോര്‍ട്ടുകള്‍. വിരാട് കോലിയെ നായകസ്ഥാനത്തു നിന്ന് നീക്കാന്‍ ബിസിസിഐയെ പ്രേരിപ്പിച്ചത് ഇതാണെന്നാണ് സൂചന. ഇന്ത്യന്‍ ടീമിനുള്ളില്‍ വിരാട് കോലിക്കെതിരെ ഒരു ഗ്രൂപ്പ് ഉണ്ടെന്നാണ് വിവരം. രോഹിത് ശര്‍മയെ പിന്തുണയ്ക്കുന്ന ഒരു വിഭാഗമാണിത്. കോലിയുടെ ടീം സെലക്ഷനില്‍ അതൃപ്തിയുള്ള മുതിര്‍ന്ന താരങ്ങളും ഇതിലുണ്ട്. കോലിക്കെതിരെ രവിചന്ദ്രന്‍ അശ്വിന്‍ ബിസിസിഐയ്ക്ക് പരാതി നല്‍കിയതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. ഈ ഗ്രൂപ്പിസം തുടര്‍ന്നാല്‍ അത് ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്നാണ് ബിസിസിഐ പേടിക്കുന്നത്. അതുകൊണ്ടാണ് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകുന്നതിനു മുന്‍പ് കോലിയെ നീക്കി രോഹിത്തിനെ പരിമിത ഓവര്‍ മത്സരങ്ങളുടെ നായകനാക്കിയത്. 
 
കോലി തങ്ങള്‍ക്ക് അപ്രാപ്യനാണെന്നാണ് പല താരങ്ങളുടേയും പരാതി. ധോണി നായകനായിരുന്നപ്പോള്‍ ടീം അംഗങ്ങളുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. എന്നാല്‍, കോലി അങ്ങനെയല്ലെന്നാണ് അശ്വിന്‍ അടക്കമുള്ള താരങ്ങള്‍ പറയുന്നത്. ജൂനിയര്‍ കളിക്കാര്‍ പോലും ധോണിയുടെ മുറിയിലേക്ക് മടി കൂടാതെ കയറി ചെന്നിരുന്നു. രോഹിത് ശര്‍മയും അങ്ങനെയാണ്. ടീം അംഗങ്ങളുമായി രോഹിത്തിന് വളരെ അടുപ്പമുണ്ട്. കളിക്കാരില്‍ വിശ്വാസമര്‍പ്പിക്കുന്ന നായകന്‍ കൂടിയാണ് രോഹിത്. 
 
രോഹിത് ശര്‍മയ്ക്കായിരുന്നു ഡ്രസിങ് റൂമില്‍ കൂടുതല്‍ പിന്തുണ. അശ്വിന്‍, ജഡേജ, രാഹുല്‍ അടക്കമുള്ള താരങ്ങള്‍ രോഹിത്തിന്റെ ചേരിയിലാണ്. ഇത് കോലിക്ക് തിരിച്ചടിയായി. ഡ്രസിങ് റൂമില്‍ പല താരങ്ങളും പരസ്പരം മിണ്ടിയിരുന്നില്ല എന്ന് പോലും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കോലിയുടെ ജന്മദിനത്തില്‍ ഡ്രസിങ് റൂമില്‍ കേക്ക് മുറിക്കുമ്പോള്‍ അശ്വിന്‍ മാറിനിന്നത് ഈയടുത്ത് വലിയ വാര്‍ത്തയായിരുന്നു. 
 
ടീം അംഗങ്ങള്‍ പലരും കോലിക്കെതിരെ പരാതിയുമായി എത്തിയത് ബിസിസിഐ ഗൗരവത്തോടെ കണ്ടു. ഈ സ്ഥിതി തുടര്‍ന്നാല്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമോ എന്ന പേടിയുമുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് ട്വന്റി 20 നായകസ്ഥാനം കോലി ഒഴിഞ്ഞത്. പരിമിത ഓവര്‍ ക്രിക്കറ്റിലെ തന്നെ രണ്ട് ഫോര്‍മാറ്റില്‍ വ്യത്യസ്ത ക്യാപ്റ്റന്‍മാര്‍ നയിക്കുന്നതിനോട് ബിസിസിഐയ്ക്ക് യോജിപ്പില്ലായിരുന്നു. ട്വന്റി 20 നായകസ്ഥാനം കോലി ഒഴിയുകയും ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ നാണംകെട്ട് പുറത്താകുകയും ചെയ്തതോടെ കോലിയുടെ ഏകദിന നായകസ്ഥാനവും ബിസിസിഐ തെറിപ്പിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article