അപക്വമായ പെരുമാറ്റം, എന്ത് മാതൃകയാണ് ക്യാപ്‌റ്റനും ടീമും യുവതലമുറയ്ക്ക് നൽകുന്നത്: രൂക്ഷവിമർശനവുമായി ഗംഭീർ

വെള്ളി, 14 ജനുവരി 2022 (18:30 IST)
ദക്ഷിണാഫ്രിക്കൻ നായകൻ ഡീൻ എൽഗാറിന്റെ ഔട്ട് തീരുമാനം ഡിആർഎസിലൂടെ തിരുത്തപ്പെട്ടതിനു പിന്നാലെ കുപിതരായി പ്രതികരിച്ച ഇന്ത്യൻ താരങ്ങളെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. കോലിയുടെയും സംഘത്തിന്റെയും പെരുമാറ്റം തീർത്തും അപക്വമായി പോയെന്ന് ഗംഭീർ വിമർശിച്ചു.
 
കേപ് ടൗൺ ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനമാണ് എൽഗാറിനെതിരായ ഔട്ട് തീരുമാനം ഡിആർഎസിലൂടെ തിരുത്തിയ തീരുമാനത്തിനെതിരെ ഇന്ത്യൻ താരങ്ങൾ പരസ്യമായി പ്രതികരിച്ചത്. തീരുമാനത്തിനോട് നിരാശയോടെ പ്രതികരിച്ച ഇന്ത്യൻ നായകൻ നേരെ മൈക്ക് സ്റ്റംപിന് അടുത്തുചെന്ന് ബ്രോഡ്കാസ്റ്റർമാരെ വിമർശിച്ചിരുന്നു. ഇതിനെതിരെയാണ് ഗംഭീറിന്റെ വിമർശനം.
 
കോലി എത്ര അപക്വമായാണ് പെരുമാറിയത്. സ്റ്റംപിനടുത്തേക്ക് പോകുക, എന്നിട്ട് ഇത്തരത്തിൽ പെരുമാറുക – എന്തൊരു മോശം പ്രവർത്തിയാണിത്. അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന ഒരു നായകനിൽ നിന്നും പ്രതീക്ഷിക്കുന്ന പ്രതികരണമല്ലത്.ഇത്തരത്തിൽ പെരുമാറുന്ന ഒരു താരം ഒരിക്കലും യുവതാരങ്ങൾക്ക് മാതൃകയല്ല. ഈ വിഷയത്തിൽ രാഹുൽ ദ്രാവിഡ് കോലിയോട് സംസാരിക്കുമെന്നാണ് എന്റെ പ്രതീക്ഷ. ഗംഭീർ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍