രോഹിത് ശര്‍മയെ പോലെ നായകന്‍ തന്നെ ആക്രമിച്ചു കളിക്കുമ്പോള്‍ അത് ഡ്രസിങ് റൂമിനു നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണെന്ന് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍. ഏകദിന ക്രിക്കറ്റില്‍ രോഹിത്തിന്റെ ഭാവിയെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് ഗംഭീറിന്റെ മറുപടി. വലിയ സ്‌കോറുകളില്‍ അല്ല, മത്സരത്തില്‍ ഉണ്ടാക്കുന്ന ഇംപാക്ടിലാണ് കാര്യമെന്നും ഗംഭീര്‍ പറഞ്ഞു.
' നോക്കൂ, ചാംപ്യന്‍സ് ട്രോഫി ഫൈനലാണ് വരുന്നത്. അതിനു മുന്‍പ് അദ്ദേഹത്തിന്റെ ഭാവിയെ കുറിച്ച് ഞാന്‍ എന്ത് പറയാനാണ്? ഈ രീതിയില്‍ നിങ്ങളുടെ ക്യാപ്റ്റന്‍ തന്നെ ബാറ്റ് ചെയ്യുമ്പോള്‍ ഡ്രസിങ് റൂമില്‍ ഉള്ള കളിക്കാര്‍ക്ക് അത് നല്ലൊരു സൂചനയാണ്. തീര്‍ച്ചയായും ഭയമില്ലാതെയും ധൈര്യത്തോടും തങ്ങളും ബാറ്റ് ചെയ്യണമെന്ന് അവര്‍ക്ക് തോന്നും. നിങ്ങള്‍ റണ്‍സ് നോക്കിയാണ് എല്ലാം വിലയിരുത്തുന്നത്, പക്ഷേ ഞങ്ങള്‍ നോക്കുന്നത് ഇംപാക്ടാണ്. അതാണ് വ്യത്യാസം. മാധ്യമപ്രവര്‍ത്തകരും വിദഗ്ധരും റണ്‍സും ശരാശരിയും നോക്കുന്നു. എന്നാല്‍ ഒരു പരിശീലകന്‍ എന്ന നിലയില്‍, ഒരു ടീം എന്ന നിലയില്‍ ഞങ്ങള്‍ ശ്രദ്ധിക്കുന്നത് അതിലല്ല. ക്യാപ്റ്റന്‍ തന്നെ മുന്നില്‍ നിന്ന് ഇങ്ങനെ ചെയ്താല്‍ ഡ്രസിങ് റൂമിനു അതിനും വലിയ സന്ദേശം ലഭിക്കാനില്ല,' ഗംഭീര്‍ പറഞ്ഞു.