Shivam Dube:ചെന്നൈ ലേലത്തിലെടുത്തപ്പോൾ പലരും നെറ്റി ചുളിച്ചു, ആർക്കും വേണ്ടാതിരുന്ന ശിവം ദുബെ ഇപ്പോൾ ഇന്ത്യയുടെ സ്പിൻ ബാഷർ

അഭിറാം മനോഹർ
തിങ്കള്‍, 15 ജനുവരി 2024 (16:18 IST)
2018ലെ ഐപിഎല്‍ സീസണോട് കൂടി ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധയിലെത്തിയ പേരാണ് ശിവം ദുബെയുടേത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കരിയര്‍ ആരംഭിച്ച ദുബെ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്ന ശരാശരി ഒരു ഇന്ത്യന്‍ താരത്തിന്റെ നിലവാരം മാത്രമാണ് പുലര്‍ത്തിയിരുന്നത്. ഇടയ്ക്ക് ചില വമ്പനടികള്‍ നടത്തുമെങ്കിലും സ്ഥിരതയോടെ മികച്ച പ്രകടനങ്ങള്‍ നടത്തുന്നതില്‍ താരം പരാജയമായിരുന്നു. ഇതിനിടെ ഐപിഎല്‍ പ്രകടനങ്ങളുടെ ബലത്തില്‍ ഇന്ത്യന്‍ ടീമില്‍ 2019ല്‍ അവസരം ലഭിച്ചെങ്കിലും ദേശീയ ടീമിനായി മികച്ച പ്രകടനം നടത്താന്‍ താരത്തിനായിരുന്നില്ല.
 
2021ല്‍ രാജസ്ഥാന്‍ റോയല്‍സ് താരത്തെ സ്വന്തമാക്കിയെങ്കിലും രാജസ്ഥാനിലും വലിയ പ്രകടനങ്ങള്‍ നടത്താനാകാതെ വന്നതോടെ ബെഞ്ചിലായി താരത്തിന്റെ സാന്നിധ്യം. എന്നാല്‍ 2022ല്‍ നടന്ന താരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരത്തെ സ്വന്തമാക്കിയതോടെ ശിവം ദുബെയുടെ തലവര തന്നെ തെളിഞ്ഞു. മധ്യഓവറുകളില്‍ സ്പിന്‍ ബൗളിംഗിനെ നേരിടാനുള്ള താരമെന്ന റോളായിരുന്നു ശിവം ദുബെയ്ക്ക് ധോനി സമ്മാനിച്ചത്. ഇതോടെ സ്പിന്‍ ബാഷര്‍ എന്ന റോളില്‍ 2023ലെ സീസണിലുടനീളം മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ താരത്തിനായി. ടി20യില്‍ ശിവം ദുബെയുടെ കരിയര്‍ തന്നെ മാറ്റിമറിയ്ക്കുന്നതായിരുന്നു ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്‍ അറ്റാക്കറുടെ പുതിയ റോള്‍.
 
ഐപിഎല്ലിലെ മികച്ച പ്രകടനം ഇന്ത്യന്‍ ടി20 ദേശീയ ടീമിലേയ്ക്ക് വഴി തുറന്നപ്പോഴും ഐപിഎല്ലിലെ അതേ മികവ് തുടരാന്‍ ശിവം ദുബെയ്ക്കായി. സ്പിന്നര്‍മാരെ പ്രഹരിക്കുന്നതില്‍ വിനോദം കണ്ടെത്തുന്ന താരം അടുപ്പിച്ച് രണ്ട് മത്സരങ്ങളിലും അര്‍ധസെഞ്ചുറിയോടെ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകപങ്കാണ് വഹിച്ചത്. മീഡിയം പേസ് ബൗളറായ താരം ബൗളിംഗിലും മികച്ച പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്. രാജ്യാന്തര ക്രിക്കറ്റിലെ ഈ വിജയത്തില്‍ ശിവം ദുബെ മുഴുവന്‍ ക്രെഡിറ്റും നല്‍കുന്നത് ധോനിയ്ക്കും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനുമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article