എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തമായ ധാരണയുണ്ടായിരുന്നു, എനിക്ക് വലിയ അഭിമാനമുണ്ട്: യുവതാരങ്ങളെ വാനോളം പുകഴ്ത്തി രോഹിത്

അഭിറാം മനോഹർ

തിങ്കള്‍, 15 ജനുവരി 2024 (14:27 IST)
അഫ്ഗാനിസ്ഥാനെതിരെ ടി20 പരമ്പര നേടിയതിന് പിന്നാലെ സന്തോഷം പങ്കുവെച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ടി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യ കൃത്യമായ പാതയിലൂടെയാണ് മുന്നേറുന്നതെന്നും യുവതാരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ച റോള്‍ ഭംഗിയോടെ കൈകാര്യം ചെയ്യുന്നുവെന്നും രോഹിത് ശര്‍മ പറഞ്ഞു. എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. എല്ലാവര്‍ക്കും അത് സംബന്ധിച്ച് വ്യക്തമായ സന്ദേശം നല്‍കിയിരുന്നു. ഇന്ന് അവരുടെ പ്രകടനം കാണുമ്പോള്‍ വളരെയധികം അഭിമാനം തോന്നുന്നു.
 
കഴിഞ്ഞ രണ്ട് മത്സരം നോക്കുമ്പോള്‍ പല ബോക്‌സുകളും ഞങ്ങള്‍ ടിക് ചെയ്തു കഴിഞ്ഞതായി തോന്നുന്നു. മികച്ച പ്രകടനങ്ങളാണ് ജയ്‌സ്വാളും ശിവം ദുബെയും നടത്തിയത്. ജയ്‌സ്വള്‍ ടി20യിലും ടെസ്റ്റിലും ഇന്ത്യയ്ക്കായി കളിച്ചുകഴിഞ്ഞു. അവന് എന്ത് സാധിക്കുമെന്ന് അവന്‍ തെളിയിച്ചിട്ടുണ്ട്. ദുബെ കരുത്തനായ പയ്യനാണ്. സ്പിന്നര്‍മാര്‍ക്കെതിരെ വളരെ ഫലപ്രദവും. ഇന്ത്യയ്ക്കായി 2 മനോഹരമായ ഇന്നിങ്ങ്‌സുകള്‍ അവന്‍ കളിച്ചു. രോഹിത് പറഞ്ഞു.
 
അതേസമയം കഴിഞ്ഞ മത്സരത്തോടെ രാജ്യാന്തര ടി2 ക്രിക്കറ്റില്‍ 150 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആദ്യതാരമെന്ന നേട്ടം രോഹിത് സ്വന്തമാക്കി. 2007ല്‍ നിന്നും ഇതുവരെയുള്ളത് വലിയൊരു യാത്രയാണെന്നും ഈ കാലയളവിലെ ഓരോ നിമിഷവും മനോഹരമായിരുന്നുവെന്നും രോഹിത് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍