അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20 മത്സരത്തിലെ ഓള്‍റൗണ്ട് മികവിന്റെ ക്രെഡിറ്റ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകനായ മുന്‍ ഇന്ത്യന്‍ താരം മഹേന്ദ്രസിംഗ് ധോനിയ്ക്ക് സമര്‍പ്പിച്ച് യുവതാരം ശിവം ദുബെ. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ധോനിയുടെ നായകത്വത്തിന് കീഴില്‍ മികച്ച പ്രകടനമായിരുന്നു ശിവം ദുബെ നടത്തിയത്. ധോനിയില്‍ നിന്നും താന്‍ ഏറെ കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ശിവം ദുബെ മത്സരശേഷം വ്യക്തമാക്കി.
എം എസ് മഹാനായ താരവും ഇതിഹാസവുമാണ്. അദ്ദേഹത്തില്‍ നിന്നും ഞാന്‍ ഒട്ടെറെ കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുന്നു. വ്യത്യസ്തമായ സാഹചര്യങ്ങളില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് ധോനി പറഞ്ഞുതരാറുണ്ട്. അതെല്ലാം തന്നെ വിജയിച്ചിട്ടുമുണ്ട്. മികച്ച താരമാണ് എന്നാണ് എന്നെ കുറച്ച് ധോനി പറയാറുള്ളത്. അതിനാല്‍ തന്നെ ഞാന്‍ മികച്ച രീതിയില്‍ കളിക്കണമല്ലോ. ബാറ്റിംഗില്‍ മാത്രമല്ല ബൗളിംഗിലും ഞാന്‍ ഇപ്പോള്‍ ശ്രദ്ധപുലര്‍ത്തുന്നുണ്ട്. ബൗളിംഗില്‍ കൂടുതല്‍ അവസരത്തിനായി കാത്ത് നില്‍ക്കുകയാണ്. ഇന്ന് അതിനുള്ള അവസരം ലഭിച്ച. അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20 മത്സരശേഷം ശിവം ദുബെ പറഞ്ഞു.
അഫ്ഗാനെതിരായ മത്സരത്തില്‍ അഫ്ഗാന്‍ മുന്നോട്ടുവെച്ച 159 റണ്‍സ് വിജയലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. നേരിട്ട അവസാന 2 പന്തുകളില്‍ സിക്‌സും ഫോറും നേടികൊണ്ട് ശിവം ദുബെയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 40 പന്തില്‍ 60 റണ്‍സുമായി താരം പുറത്താകാതെ നിന്നു. നേരത്തെ ബൗളിംഗില്‍ രണ്ടോവര്‍ എറിഞ്ഞ താരം 9 റണ്‍സ് വിട്ടുകൊടുത്ത് അഫ്ഗാനിസ്ഥാന്റെ 2 വിക്കറ്റുകളും പിഴുതിരുന്നു.