Rohit sharma: ഈ പോക്കാണെങ്കിൽ ഇന്ത്യയ്ക്ക് ക്യാപ്റ്റനായി ഹാർദ്ദിക്കാണ് നല്ലത്, ജയ്സ്വാളിനൊപ്പം ഗിൽ ഓപ്പൺ ചെയ്യട്ടെ

അഭിറാം മനോഹർ
തിങ്കള്‍, 15 ജനുവരി 2024 (15:03 IST)
ടി20 ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവില്‍ തുടര്‍ച്ചയായി രണ്ടാം മത്സരത്തില്‍ പൂജ്യനായി മടങ്ങിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. അഫ്ഗാനെതിരായ ആദ്യ ടി20യില്‍ നിര്‍ഭാഗ്യം കാരണമാണ് വിക്കറ്റ് നഷ്ടമായതെങ്കില്‍ രണ്ടാം ടി20യില്‍ മോശം ഷോട്ടിന് ശ്രമിച്ച് ക്രീസ് വിട്ടതോടെ ഗോള്‍ഡന്‍ ഡക്കായി മാറുകയായിരുന്നു. ടി20യില്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായതോടെ വലിയ വിമര്‍ശനമാണ് രോഹിത്തിനെതിരെ ഉയരുന്നത്. മോശം ഫോമില്‍ രോഹിത് തുടരുകയാണെങ്കില്‍ ടി20 ലോകകപ്പില്‍ ഹാര്‍ദ്ദിക് തന്നെ ഇന്ത്യന്‍ നായകനാകുന്നതാണ് നല്ലതെന്ന് ആരാധകര്‍ പറയുന്നു.
 
2022ലെ ടി20 ലോകകപ്പ് സെമിഫൈനലിലെ പരാജയത്തിന് ശേഷം സീനിയര്‍ താരങ്ങളായ കോലിയും രോഹിത്തും ഇന്ത്യയ്ക്കായി ടി20 മത്സരങ്ങള്‍ കളിച്ചിരുന്നില്ല. തിരിച്ചുവരവില്‍ കളിച്ച 2 മത്സരങ്ങളിലും രോഹിത്തിന് റണ്‍സൊന്നും നേടാനായിട്ടില്ല. രോഹിത് ഓപ്പണിംഗില്‍ തിരിച്ചുവന്നതോടെ യുവതാരങ്ങളായ യശ്വസി ജയ്‌സ്വാള്‍,ശുഭ്മാന്‍ ഗില്‍ എന്നിവരില്‍ ഒരാള്‍ക്ക് ടീമില്‍ സ്ഥാനമില്ലെന്ന നിലയിലാണ്. നിലവില്‍ മോശം ഫോമിലാണെങ്കിലും ഗില്‍ ടി20യിലും മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ്.
 
ഫോമിലല്ലാത്ത രോഹിത് ടീമിലെത്തുമ്പോള്‍ ഓപ്പണിംഗില്‍ തന്നെ ഇന്ത്യയുടെ ടീം ബാലന്‍സ് നഷ്ടമാവുകയാണ്. ശുഭ്മാന്‍ ഗില്ലിന് അവസരം നല്‍കി ജയ്‌സ്വാളിനെ പുറത്തിരുത്തുകയാണെങ്കില്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലമായി താരം നടത്തുന്ന മികച്ച പ്രകടനങ്ങളെ അപമാനിക്കുന്ന തീരുമാനമാകുമത്. ഹാര്‍ദ്ദിക് പാണ്ഡ്യ തിരിച്ചെത്തുകയാണെങ്കില്‍ ശിവം ദുബെയ്ക്കാകും ടീമില്‍ സ്ഥാനം നഷ്ടമാവുക. കോലി മധ്യനിരയില്‍ കളിക്കുമെന്നതിനാല്‍ തിലക് വര്‍മയ്ക്കും ലോകകപ്പ് ടീമില്‍ സ്ഥാനം നഷ്ടമായേക്കും. മധ്യനിരയിലെ കീപ്പിംഗ് താരം എന്ന നിലയില്‍ ജിതേഷ് ശര്‍മയ്ക്ക് തന്നെയാകും ലോകകപ്പ് ടീമിലും സ്ഥാനം ലഭിക്കുക.

അനുബന്ധ വാര്‍ത്തകള്‍

Next Article