RCB Mania: കിരീടം മാത്രമല്ല, ഓറഞ്ച് ക്യാപ്പും പർപ്പിൾ ക്യാപ്പും എമർജിംഗ് പ്ലെയറും, എല്ലാം ആർസിബി മയം

അഭിറാം മനോഹർ

തിങ്കള്‍, 18 മാര്‍ച്ച് 2024 (14:07 IST)
RCB Awards
വനിതാ പ്രീമിയര്‍ ലീഗിലെ ആര്‍സിബിയുടെ കിരീടനേട്ടം മുന്‍പെങ്ങും കാണാത്തവിധം ആഘോഷമാക്കിയിരിക്കുകയാണ് ആര്‍സിബി ആരാധകര്‍. ഒരു വനിതാ പ്രീമിയര്‍ ലീഗ് കിരീടമായല്ല ആര്‍സിബി എന്ന ടീമിന്റെ പതിനാറ് വര്‍ഷങ്ങളായുള്ള കിരീടവരള്‍ച്ചയ്ക്ക് അറുതിയായാണ് ടീം വിജയത്തെ ആരാധകര്‍ കാണുന്നത്. ഇത്തവണ വനിതാ പ്രീമിയര്‍ ലീഗില്‍ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയ ടീമായിരുന്നില്ല ആര്‍സിബി. എന്നാല്‍ ഫൈനലില്‍ ലഭിച്ച ഒരൊറ്റ ബ്രേക്ക് ത്രൂവില്‍ മത്സരത്തിലേക്ക് കടക്കാനും ഡല്‍ഹിയെ മലര്‍ത്തിയടിക്കാനും ആര്‍സിബി വനിതകള്‍ക്കായി.
 
കിരീടനേട്ടം മാത്രം സ്വന്തമാക്കിയല്ല ഇത്തവണ ഐപിഎല്ലില്‍ ആര്‍സിബിയുടെ മടക്കം. വ്യക്തിഗത പ്രകടനനങ്ങള്‍ക്ക് ലഭിക്കുന്ന പുരസ്‌കാരങ്ങളെല്ലാം തന്നെ സ്വന്തമാക്കിയത് ആര്‍സിബി താരങ്ങളായിരുന്നു. കൂടാതെ ഫെയര്‍ പ്ലെയ്ക്കുള്ള പുരസ്‌കാരവും ടീം സ്വന്തമാക്കി. ഇത്തവണത്തെ വനിതാ പ്രീമിയര്‍ ലീഗില്‍ 347 റണ്‍സാണ് ആര്‍സിബി താരമായ എല്ലിസ് പെറി അടിച്ചുകൂട്ടിയത്. ഇതോടെ സീസണിലെ ഓറഞ്ച് ക്യാപ്പ് പെറി സ്വന്തമാക്കി. 345 റണ്‍സുമായി ഡല്‍ഹിയുടെ മെഗ് ലാന്നിങ്ങാണ് പട്ടികയില്‍ രണ്ടാമത്.
 
അതേസമയം ടൂര്‍ണമെന്റില്‍ 13 വിക്കറ്റുകളുമായി തിളങ്ങിയ ആര്‍സിബി താരമായ ശ്രേയങ്ക പാട്ടീലിനാണ് ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ താരത്തിനുള്ള പര്‍പ്പിള്‍ ക്യാപ്പ്. ഇത് കൂടാതെ ടൂര്‍ണമെന്റിലെ എമര്‍ജിംഗ് പ്ലെയറിനുള്ള പുരസ്‌കാരം കൂടി താരം സ്വന്തമാക്കി. വനിതാ പ്രീമിയര്‍ ലീഗ് ഫൈനലിലടക്കം മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. അതേസമയം ഐപിഎല്‍ ഫൈനല്‍ മത്സരത്തിലെ താരത്തിനുള്ള പുരസ്‌കാരം ആര്‍സിബി താരമായ സോഫി മൊലിനക്‌സ് സ്വന്തമാക്കി. 20 റണ്‍സിന് 3 വിക്കറ്റെടുത്ത താരത്തിന്റെ പ്രകടനമായിരുന്നു മത്സരത്തില്‍ നിര്‍ണായകമായത്. അതേസമയം യുപി വാരിയേഴ്‌സ് താരമായ ദീപ്തി ശര്‍മയാണ് പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്‌കാരം സ്വന്തമാക്കിയത്. ടൂര്‍ണമെന്റില്‍ 295 റണ്‍സും 10 വിക്കറ്റും സ്വന്തമാക്കന്‍ താരത്തിനായിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍