ഈ വർഷം അവസാനം ഇന്ത്യ വേദിയാകുന്ന ഏകദിനലോകകപ്പ് മത്സരങ്ങൾ ഒക്ടോബർ അഞ്ചിന് തുടങ്ങും. നവംബർ 19ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാകും ഫൈനൽ മത്സരം. 11 നഗരങ്ങളെ ലോകകപ്പ് വേദികളാക്കി ബിസിസിഐ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. അഹമ്മദാബാദിന് പുറമെ ബെംഗളുരു,ചെന്നൈ,ഡൽഹി,ധർമശാല,ഗുവാഹത്തി,ഹൈദരാബാദ്,കൊൽക്കത്ത,ലഖ്നൗ,രാജ്കോട്ട്,മുംബൈ എന്നിവിടങ്ങളാകും ലോകകപ്പ് മത്സരങ്ങൾക്ക് വേദികളാകുക.
46 ദിവസങ്ങൾ നീണ്ട് നിൽക്കുന്നലോകകപ്പിൽ മൂന്ന് നോക്കൗട്ട് മത്സരങ്ങൾ ഉൾപ്പടെ 48 മത്സരങ്ങളുണ്ടാകും. ഇന്ത്യയിലെ മൺസൂൺ സീസൺ അനുസരിച്ച് മഴ കൂടി കണക്കിലെടുത്താകും വേദികൾ തീരുമാനിക്കുക. അതേസമയം പാകിസ്ഥാൻ ടീമിന് അനുമതി ലഭിക്കുമെന്ന് ബിസിസിഐ ഐസിസിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. ഇംഗ്ലണ്ടാണ് നിലവിലെ ലോകചാമ്പ്യന്മാർ. 2019ൽ ഇംഗ്ലണ്ടിൽ നടന്നലോകകപ്പിൽ ന്യൂസിലൻഡിനെ തോൽപ്പിച്ചാണ് ഇംഗ്ലണ്ട് ജേതാക്കളായത്.