Virat Kohli: കോലി പഴയ കിംഗ് അല്ലെന്ന് തിരിച്ചറിയണം, ഓഫ് സ്റ്റമ്പിന് പുറത്തുള്ള പന്ത് കളിക്കണമെന്നുള്ള പിടിവാശി എന്തിന്?

അഭിറാം മനോഹർ

ചൊവ്വ, 17 ഡിസം‌ബര്‍ 2024 (19:40 IST)
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ സെഞ്ചുറി നേടിയെങ്കിലും തുടര്‍ച്ചയായി വിരാട് കോലി ഒരേതരത്തില്‍ പുറത്താകുന്നത് തുടരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി ഓഫ്സ്റ്റമ്പിന് പുറത്ത് പന്തെറിഞ്ഞാണ് കോലിയെ ബൗളര്‍മാര്‍ പുറത്താക്കുന്നത്. തുടര്‍ച്ചയായി കളിച്ചിട്ടും തന്റെ ഈ ബലഹീനത പരിഹരിക്കാന്‍ ശ്രമിച്ചില്ല എന്ന് മാത്രമല്ല. കോലിക്കെതിരെ എതിരാളികള്‍ ഫലപ്രദമായി ഈ മാര്‍ഗം ഉപയോഗിക്കുകയും ചെയ്യുന്നു.
 
ആവശ്യത്തിന് പന്തുകള്‍ ലീവ് ചെയ്യാത്തതാണ് കോലി നേരിടുന്ന പ്രശ്‌നമെന്നാണ് മുന്‍ ഇംഗ്ലണ്ട് നായകനായ മൈക്കല്‍ വോണ്‍ പറയുന്നത്. ഇത് ബൗളര്‍മാര്‍ക്കെതിരെ ആധിപത്യം പുലര്‍ത്തണമെന്ന ചിന്തയില്‍ നിന്നും ഉണ്ടാകുന്നതാണെന്നും എന്നാല്‍ പഴയ കോലിയല്ല താനെന്ന് കോലി തന്നെ മനസിലാക്കണമെന്ന് ആരാധകരും പറയുന്നു. അടുത്ത കാലത്തായി കോലി പുറത്തായ പന്തുകളില്‍ അധികവും ലീവ് ചെയ്താല്‍ യാതൊരു ഉപദ്രവവും കൂടാതെ കടന്നുപോകുന്ന പന്തുകളാണ്.
 
 തന്റെ ഈ പോരായ്മ അറിഞ്ഞുകളിക്കുന്നതിന് പകരം വീണ്ടും അതേ ഷോട്ടുകള്‍ കളിച്ച് പുറത്താകലുകള്‍ തുടര്‍ക്കഥയായതോടെയാണ് ആരാധകരും കോലിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. സ്റ്റീവ് സ്മിത്തും കെ എല്‍ രാഹുലും കാണിച്ചുതന്നത് പോലെ പന്തുകള്‍ ലീവ് ചെയ്യാന്‍ കോലി ശീലിക്കണമെന്നും കൂടുതല്‍ നേരം ക്രീസില്‍ നില്‍ക്കുന്നതോടെ ബാറ്റിംഗിലെ താളം കണ്ടെത്താന്‍ കോലിയ്ക്ക് സാധിക്കുമെന്നുമാണ് ആരാധകരും വിമര്‍ശകരും കരുതുന്നത്. എന്നാല്‍ ഓരോ ഇന്നിങ്ങ്‌സിലും ഓഫ് സ്റ്റമ്പിന് പുറത്ത് പന്ത് കണ്ടാല്‍ കോലി ബാറ്റ് വെയ്ക്കുന്നതും വിക്കറ്റ് സമ്മാനിക്കുന്നതും തുടരുകയാണ്. ഈ സാഹചര്യത്തില്‍ കോലി ആഭ്യന്തര ക്രിക്കറ്റില്‍ പ്രശ്‌നം പരിഹരിച്ച് തിരിച്ചെത്തണമെന്ന് പറയുന്നവരും ഏറെയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍