റൺസിന്റെ മാലപടക്കം തീർത്ത് ഡേവിഡ് മാലൻ‍. റെക്കോർഡുകൾ പെരുമഴ തീർത്ത മത്സരത്തിൽ കിവീസിനെ തകര്‍ത്ത് ഇംഗ്ലണ്ട്

സെനിൽ ദാസ്
ശനി, 9 നവം‌ബര്‍ 2019 (10:33 IST)
ന്യൂസീലന്‍ഡിനെതിരായ നാലാം ടി20 മത്സരത്തിൽ റെക്കോർഡ് പെരുമഴ തീർത്ത് ഡേവിഡ് മാലൻ ഓയിന്‍ മോര്‍ഗൻ സഖ്യം. കാണികൾക്ക് ബാറ്റിങ് വിരുന്നൊരുക്കിയ മത്സരത്തിൽ 76 റണ്‍സിനാണ് ഇംഗ്ലണ്ട് കിവീസിനെ തകർത്ത് വിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഡേവിഡ് മാലന്റെയും ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്റെയും വെടിക്കെട്ട് പ്രകടനത്തിന്റെ മികവിൽ   നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സെടുക്കുകയായിരുന്നു. ഇംഗ്ലണ്ട്  ഉയർത്തിയ കൂറ്റൻ സ്കോറിന് മറുപടി ബാറ്റിങിനിറങ്ങിയ കീവിസിന് പക്ഷേ 16.5 ഓവറില്‍ 165 റണ്‍സ് മാത്രമെ സ്വന്തമാക്കുവാൻ സാധിച്ചുള്ളു. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ ട്വെന്റി 20 പരമ്പരയിൽ ഇരു ടീമുകളും(2-2)ന് ഒപ്പമെത്തി. 
 
വെറും 48 പന്തിൽ നിന്ന്  വെടിക്കെട്ട് പ്രകടനത്തോടെ സെഞ്ചുറിയിലെത്തിയ മാലൻ ടി20യിൽ ഒരു ഇംഗ്ലണ്ട് താരത്തിന്റെ എറ്റവും വേഗതയേറിയ സെഞ്ചുറി എന്ന നേട്ടവും മത്സരത്തിൽ കുറിച്ചു.  അലക്‌സ് ഹെയില്‍സിന്റെ റെക്കോർഡാണ് മാലന്‍  മറികടന്നത്. ഒപ്പം ക്യാപ്റ്റൻ ഓയിൻ മോര്‍ഗന്റെ വെടിക്കെട്ട് പ്രകടനവും ചേർന്നപ്പോൾ കീവിസ് അക്ഷരാർത്ഥത്തിൽ തളർന്നു പോകുകയായിരുന്നു. 
ഒരറ്റത്ത്  51 പന്തുകളിൽ നിന്നും ആറു സിക്‌സും ഒമ്പത് ബൗണ്ടറികളുമടക്കം 103 റണ്‍സോടെ ഡേവിഡ് മാലൻ വെടിക്കെട്ട് തീർത്തപ്പോൾ മറുവശത്ത് ക്യാപ്റ്റന്‍ മോര്‍ഗനും ഒപ്പം ചേര്‍ന്നു.
 41 പന്തില്‍ ഏഴു വീതം സിക്‌സും ബൗണ്ടറികളുമായി 91 റൺസെടുത്ത മോർഗൻ അവസാന ഓവറിലാണ് പുറത്തായത്.  ഇതിനിടെ ഒരു ഇംഗ്ലണ്ട് താരത്തിന്റെ വേഗമേറിയ അര്‍ധ സെഞ്ചുറിയെന്ന റെക്കോഡും മോര്‍ഗന്‍ സ്വന്തമാക്കി. 21 പന്തിലായിരുന്നു മോര്‍ഗന്റെ അര്‍ധ സെഞ്ചുറി നേട്ടം. ഓസീസിനെതിരെ ജോസ് ബട്ട്ലർ 22 പന്തിൽ നേടിയ വേഗതയേറിയ അർധസെഞ്ചുറി നേട്ടമാണ് മോർഗൻ മറികടന്നത്. 
 
ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 182 റണ്‍സെന്ന റെക്കോർഡ് നേട്ടവും മത്സരത്തിൽ സ്വന്തമാക്കി. ട്വന്റി 20-യില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണിത്. 
 
മറുപടി ബാറ്റിങ്ങില്‍ ഓപ്പണിങ് വിക്കറ്റിൽ മാർട്ടിൻ ഗുപ്ട്ടിൽ (27) കോളിൻ മൺറോ(30) എന്നിവർ തകർത്തടിച്ച് തുടങ്ങിയെങ്കിലും പിന്നീട് തുടരെ വിക്കറ്റുകൾ നഷ്ടമാവുകയായിരുന്നു.  വാലറ്റത്തിൽ 39 റൺസെടുത്ത ടിം സൗത്തിയാണ് കിവീസ് നിരയിലെ ടോപ്പ് സ്കോറർ.

അനുബന്ധ വാര്‍ത്തകള്‍

Next Article