മാഞ്ചസ്റ്റർ ടെസ്റ്റ് റദ്ദാക്കിയ സംഭവം: ഐസിസിയെ സമീപിക്കാനൊരുങ്ങി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

Webdunia
ഞായര്‍, 12 സെപ്‌റ്റംബര്‍ 2021 (11:45 IST)
ഇംഗ്ലണ്ട്- ഇന്ത്യ മാഞ്ചസ്റ്റര്‍ ടെസ്റ്റ് റദ്ദാക്കിയതിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെ സമീപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. മത്സരഫലത്തെ പറ്റി ഐസിസി വ്യക്തത വരുത്തണമെന്നാണ് ഇ‌സിബിയുടെ ആവശ്യം.  ഐസിസിയുടെ തര്‍ക്ക പരിഹാര സമിതിയായ ഡിആര്‍സി ആകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. 
 
കൊവിഡ് സാഹചര്യം കാരണമാണ് മത്സരം റദ്ദാക്കിയതെങ്കിൽ അവസാന ടെസ്റ്റ് ഉപേക്ഷിക്കുകയും പരമ്പര 2-1 എന്ന നിലയില്‍ ഇന്ത്യ ജയിക്കുകയും ചെയ്യും. എന്നാൽ കൊവിഡ് കാരണമല്ല ഉപേക്ഷിച്ചതെങ്കിൽ ഇംഗ്ലണ്ടിനെ വിജയികളായി കണക്കാക്കും.ഇന്ത്യൻ താരങ്ങൾ ആരും കൊവിഡ് ബാധിതരല്ലായിരുന്നുവെന്നും  20 അംഗ ടീമില്‍ നിന്ന് അന്തിമ ഇലവനെ തിരഞ്ഞെടുക്കാമായിരുന്നു എന്നുമാണ് ഇസിബിയുടെ വാദം.
 
ഇക്കാരണം കൊണ്ട് മത്സരം ഉപേക്ഷിച്ചത് കൊവിഡ് പരിധിയിൽ വരില്ലെന്നും ഇ‌സിബി വാദിക്കുന്നു. അടുത്ത
വര്‍ഷം ടെസറ്റ് കളിക്കാമെന്ന് ബിസിസിഐ നിര്‍ദേശിച്ചതിന് പിന്നാലെയാണ് ഇസിബി ഐസിസിയെ സമീപിച്ചത് എന്നതും ശ്രദ്ധേയമാണ്.കൊവിഡ് സാഹചര്യം കാരണം മത്സരം ഉപേക്ഷിച്ചാല്‍ ഇംഗ്ലണ്ട് ബോര്‍ഡിന് ഇന്‍ഷ്വറന്‍സ് തുക നഷ്ടമാകുമെന്നതാണ് നീക്കത്തിന് കാരണമെന്ന് വിലയിരുത്തുന്നു. ഡിആര്‍സിയുടെ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ വ്യവസ്ഥയില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article