തുടർച്ചയായ മത്സരങ്ങൾ, ടി20യിൽ നിന്നും വിരമിക്കാൻ ആഗ്രഹമെന്ന് വാർണർ

അഭിറാം മനോഹർ
ചൊവ്വ, 11 ഫെബ്രുവരി 2020 (15:04 IST)
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിലവിലെ ഏറ്റവും മികച്ച ബാറ്റിങ്ങ് താരങ്ങളിലൊരാളാണ് ഓസ്ട്രേലിയൻ വെടിക്കെട്ട് ഓപ്പണിങ് താരമായ ഡേവിഡ് വാർണർ. ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലുമായി മികച്ച പ്രകടനമാണ് ഓസീസ് ഓപ്പണിങ് താരം ഇപ്പോൾ പുറത്തെടുക്കുന്നത്. എന്നാൽ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഒരു വെളിപ്പെടുത്തൽ നൽകിയിരിക്കുകയാണ് ഓസീസിന്റെ വെടിക്കെട്ട് വീരൻ.
 
അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ നിന്നും വിരമിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുന്നതായാണ് വാർണർ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. വരാനിരിക്കുന്ന തുടർച്ചയായ രണ്ട് ടി20 ലോകകപ്പുകൾക്ക് ശേഷമായിരിക്കും വാർണറുടെ വിരമിക്കൽ. കരിയറിന്റെ ദൈർഘ്യം കൂട്ടാനാണ് വാർണറുടെ നിർണായകതീരുമാനം.
 
'അന്താരാഷ്‌ട്ര ടി20 മത്സരങ്ങളുടെ ഷെഡ്യൂള്‍ നോക്കിയാല്‍ തുടര്‍ച്ചയായി രണ്ട് ലോകകപ്പുകള്‍ വരുന്നുണ്ട്. കുറച്ചുവർഷങ്ങൾക്കുള്ളിൽ തന്നെ ഞാൻ വിട പറയേണ്ട ഒരു ഫോർമാറ്റായിരിക്കും ഇത്.തിരക്കിട്ട ഷെഡ്യൂളിൽ മൂന്ന് ഫോർമാറ്റിലും മത്സരിക്കുക എന്നത് പ്രയാസകരമാണ് തുടര്‍ന്നും ടി20 കളിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു'- വാർണർ പറഞ്ഞു.
 
തുടർച്ചയായ യാത്രകളും മത്സരങ്ങളും ബുദ്ധിമുട്ടേറിയതാണ് അതിനാൽ തന്നെ ക്രിക്കറ്റിലെ ഒരു ഫോർമാറ്റിൽ നിന്ന് മാത്രമാകും മാറി നിൽക്കുക. മനസിനും ശരീരത്തിനും വിശ്രമം ആവശ്യമായതിനാലാണ് ബിഗ് ബാഷ് ലീഗിൽ ഇടവേളയെടുത്തതെന്നും അടുത്ത പരമ്പരക്ക് തയ്യാറെടുക്കാൻ ഇത് സഹായിക്കുമെന്നും വാർണർ പറഞ്ഞു. കരിയറിൽ 76 അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ നിന്ന് 2079 റൺസാണ് വാർണർ നേടിയിട്ടുള്ളത്. ഇതിൽ ഒരു സെഞ്ച്വറിയും 15 അർധസെഞ്ച്വറികളും ഉൾപ്പെടുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article