19 വൈഡുകൾ രണ്ട് നോ ബോൾ: ഇന്ത്യൻ കൗമാര ടീമിന്റെ പരാജയം ചോദിച്ച് വാങ്ങിയത്

അഭിറാം മനോഹർ

തിങ്കള്‍, 10 ഫെബ്രുവരി 2020 (11:33 IST)
അണ്ടര്‍ 19 ലോകകപ്പിന്‍റെ ഫൈനലിൽ ഒരു ഇന്ത്യൻ വിജയമാണ് ഏവരും പ്രതീക്ഷിച്ചത്. ടൂർണമെന്റിൽ ഒരു മത്സരം പോലും പരാജയമറിയാതെയാണ് ഇന്ത്യ ഫൈനൽ വരെയെത്തിയത്. നിലവിലെ ചാമ്പ്യന്മാർ, നാല് തവണ ലോകകപ്പ് സ്വന്തമാക്കിയ ടീം എന്നിങ്ങനെ ഇന്ത്യൻ തന്നെയായിരുന്നു മത്സരത്തിലെ കരുത്തരും. എന്നാൽ അണ്ടർ 19 ലോകകപ്പിന്റെ ഫൈനലിൽ സംഭവിച്ചത് മറ്റൊന്നാണ്. ടൂർണമെന്റിലെ വിഖ്യാതമായ ഇന്ത്യൻ ബാറ്റിങ്ങ് നിര വളരെ പെട്ടെന്ന് തന്നെ കൂടാരം കയറിയപ്പോൾ അത്ര പ്രയാസപ്പെടാതെ തന്നെ ബംഗ്ലാദേശ് തങ്ങളുടെ കന്നി കിരീടം നേടിയെടുത്തു. എന്നാൽ ഇന്ത്യൻ പരാജയത്തിന് ഇന്ത്യയുടെ മോശം ബാറ്റിങ്ങ് പ്രകടനം മാത്രമായിരുന്നില്ല കാരണം.
 
മത്സരത്തിൽ യശസ്വി ജയ്‌സ്വാളിന്റെ പ്രകടന മികവിൽ ഇന്ത്യ 177 റൺസാണ് സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് വളരെ ശ്രദ്ധയോടെയാണ് ബാറ്റിങ്ങ് ആരംഭിച്ചത്. ആദ്യ വിക്കറ്റിൽ ബംഗ്ലാ ഓപ്പണർമാർ പിടിച്ചുനിന്നപ്പോൾ 50 റൺസ് സ്കോർബോർഡിൽ ചേർത്ത ശേഷമാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് ലഭിച്ചത്.പിന്നീട് സ്പിന്നർ  രവി ബിഷണോയ് ആക്രമണത്തിനെത്തിയതോടെ ബംഗ്ലാദേശിന് പിന്നീട് തുടരെ തുടരെ വിക്കറ്റുകള്‍ നഷ്ടമായി. പക്ഷേ മത്സരത്തിൽ ഇന്ത്യൻ ബൗളർമാർ വരുത്തിയ പിഴവുകൾ ബംഗ്ലാദേശ് വിജയത്തിൽ നിർണായകമായി. എക്സ്ട്രാസിലൂടെ 33 റണ്‍സാണ് ബംഗ്ലാദേശ് സ്കോര്‍ ബോര്‍ഡിലേക്ക് സംഭാവന നൽകിയത്.
 
ഇതിൽ 19 വൈഡും രണ്ട് നോ ബോളും ഉൾപ്പെടുന്നു. ഇന്ത്യയുടെ പ്രധാന ബൗളര്‍മാരായ കാര്‍ത്തിക് ത്യാഗിയും ആകാശ് സിംഗും അഞ്ച് വൈഡുകള്‍ നൽകിയപ്പോൾ സുഷാന്ത് മിശ്ര നാല് വൈഡുകൾ എറിഞ്ഞു. അതിൽ തന്നെ ഏഴ് വിക്കറ്റ് നഷ്ടപ്പെട്ട് ബംഗ്ലാദേശ് സമ്മർദ്ദത്തിലായിരുന്ന സമയത്ത് മൂന്ന് വൈഡുകളാണ് ആകാശ് സിംഗ്  ഒരോവറില്‍ എറിഞ്ഞത്. ഇന്ത്യൻ തോൽവിയിൽ ഏറെ നിർണായകമായതും ഇന്ത്യൻ ബൗളർമാർ വെറുതെ വിട്ടുനൽകിയ ഈ റൺസുകളാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍