ക്യാപ്‌റ്റൻ മാറിയതും ചെന്നൈ വീണ്ടും സൂപ്പർ കിങ്‌സ്, സൺറൈസേഴ്സിനെതിരെ നേടിയത് ആധികാരിക ജയം

തിങ്കള്‍, 2 മെയ് 2022 (17:13 IST)
ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ഫ്രാഞ്ചൈസികളിൽ ഒന്നാണെങ്കിലും ഇത്തവണ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സ് നടത്തുന്നത്. ഐപിഎല്ലിന്റെ തുടക്കത്തിൽ തന്നെ ക്യാപ്‌റ്റൻസി ജഡേജയ്ക്ക് കൈമാറിയപ്പോൾ തുടർപരാജയങ്ങളായിരുന്നു ചെന്നൈക്ക് നേരിടേണ്ടി വന്നത്. ഒപ്പം കളിക്കാരൻ എന്ന നിലയിൽ ജഡേജ തുടർച്ചയായി നിരാശപ്പെടുത്തുന്നതിനും ഇത് ഇടയാക്കി.
 
എന്നാൽ മഹേന്ദ്രധോനിക്ക് തന്നെ വീണ്ടും നായകത്വം കൈമാറിയപ്പോൾ ഹൈദരാബാദിനെതിരെ പുത്തൻ ഊർജവുമായാണ് ചെന്നൈ എത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ റുതുരാജിന്റെയും ഡെവോൺ കോൺവെയുടെയും അർധസെഞ്ചുറികളുടെ കരുത്തിൽ 200 റൺസാണ് മത്സരത്തിൽ നേടിയത്.
 
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് നിരയെ 189 റൺസിന് പിടിച്ച് നിർത്താനും ചെന്നൈയ്ക്കായി. ധോനിക്ക് കീഴിൽ താരതമ്യേന മോശം ബൗളിങ് നിരയും ചെന്നൈയ്ക്ക് വേണ്ടി തിളങ്ങിയപ്പോൾ പരാജയങ്ങളിൽ നിന്ന് വിജയം രുചിക്കാൻ ചെന്നൈയ്ക്കായി. 40 വയസുകാരനായ ധോനിക്ക് കീഴിൽ എത്രകാലം വിജയം തുടരും എന്ന ചോദ്യം നിലനിൽക്കുമ്പോഴും ധോനി എന്ന നായകൻ ചെന്നൈയ്ക്ക് നൽകുന്ന ഊർജം ക്രിക്കറ്റ് പ്രേമികൾക്ക് വിസ്മരിക്കാൻ സാധിക്കുന്നതല്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍