ബിസിസിഐയുടേ‌ത് വൈകാരികമായ തീരുമാനം, രോഹിത്തിനെ ടെസ്റ്റ് ക്യാപ്‌റ്റനാക്കിയത് ഫിറ്റ്‌നസ് നോക്കാതെ

ഞായര്‍, 1 മെയ് 2022 (17:18 IST)
രോഹിത് ശർമയെ ടെസ്റ്റ് ടീം നായകനായി തിരെഞ്ഞെടുത്തത് വൈകാരികമായ തീരുമാനമായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. ഫിറ്റ്‌നസ് പരിഗണിക്കാതെയാണ് സെലക്‌റ്റർമാർ ക്യാപ്‌റ്റനെ തിരെഞ്ഞെടുത്തതെന്നും യുവരാജ് പറഞ്ഞു.
 
ക്രിക്കറ്റ് എന്ന ഗെയിമിനെ നന്നായി റീഡ് ചെയ്യുന്നവനും നന്നായി ചിന്തിക്കുക‌യും ചെയ്യുന്ന ക്യാപ്‌റ്റനാണ് രോഹിത്. ഏറെ നാൾ മുൻപ് തന്നെ രോഹിത് ഇന്ത്യയുടെ വൈറ്റ് ബോൾ ക്യാപ്‌റ്റനാകണമായിരുന്നു. എന്നാൽ കോലി ഒരു വശത്ത് മികവ് പുലർത്തുമ്പോൾ അത് എളുപ്പമായിരുന്നില്ലെന്നും യുവ്‌രാജ് പറഞ്ഞു. ടെസ്റ്റിൽ രോഹിത്തിനെ ക്യാപ്‌റ്റനാക്കാനുള്ള തീരുമാനം വൈകാരിക‌മാണ്. 
 
ഒരുപാട് പരിക്കേൽക്കുന്ന താരമാണ് രോഹിത്. തന്റെ ശരീരം കൂടി നോക്കേണ്ട സമയമാണ് ഇപ്പോൾ രോഹിത്തിന്റേത്. ടെസ്റ്റ് ക്യാപ്‌റ്റൻസിയിൽ ഇത് രോഹിത്തിന്റെ സമ്മർദ്ദം ഉയർത്തും. ടെസ്റ്റിൽ രോഹിത് ഓപ്പണറായി ഏതാനും വർഷമാകുന്നതേയുള്ളു. വളരെ നന്നായാണ് ടെസ്റ്റിൽ രോഹിത് കളിക്കുന്നത്. ടെസ്റ്റിൽ അയാൾ ബാറ്റിങ്ങിൽ ശ്രദ്ധ നൽകട്ടെ. ഗ്രൗണ്ടിൽ 5 ദിവസവും നിൽക്കുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്നും യുവരാജ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍