അവൻ എന്റെ മൂത്ത സഹോദരനെ പോലെ, എന്റെ ഏറ്റവും മോശം ദിവസങ്ങളിലും ഒപ്പം നിന്നു, ചഹലിന് പർപ്പിൾ ക്യാപ്പ് ആശംസിച്ച് കുൽദീപ് യാദവ്
എട്ട് മത്സരങ്ങളില്‍ നിന്ന് 18 വിക്കറ്റുകളുമായി ചഹലും എട്ട് മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റുകളുമായി ഡൽഹിയുടെ കുൽദീപ് യാദവുമാണ് പട്ടികയിൽ മുൻപിൽ. പഴയ കുൽച സഖ്യം വിക്കറ്റുകൾ വാരികൂട്ടുമ്പോൾ ഇന്ത്യൻ ആരാധകരും സന്തോഷത്തിലാണ്. അതേസമയം പർപ്പിൾ ക്യാപ്പ് ആഗ്രഹിക്കുന്നില്ലെന്നും ഉറ്റ സുഹൃത്തായ ചഹൽ അത് സ്വന്തമാക്കുന്നത് സന്തോഷകരമായ കാര്യമായിരിക്കുമെന്നും പ്രതികരിച്ചിരിക്കുകയാണ് കുൽദീപ്.
കൊല്‍ക്കത്തയ്‌ക്കെതിരെ മത്സര ശേഷം സംസാരിക്കുമ്പോഴാണ് കുല്‍ദീപ് ഇക്കാര്യം പറഞ്ഞത്. എനിക്കും ചഹലിനും ഇടയിൽ ഒരു മത്സരവും ഇല്ലെന്നതാണ് സത്യം. എനിക്ക് ഒരുപാട് പ്രോത്സാഹനം നൽകിയിട്ടുള്ള വ്യക്തിയാണ് ചഹൽ. എന്റെ ഏറ്റവും മോശം ദിവസങ്ങളിൽ അവൻ എനിക്കൊപ്പം നിന്നിട്ടുണ്ട്. എനിക്ക് ഒരു മൂത്ത സഹോദരനെ പോലെയാണ് അവൻ കുൽദീപ് പറയുന്നു.
എന്റെ ഹൃദയത്തിൽ തൊട്ട് ഞാൻ പറയുന്നു. എനിക്ക് ചഹൽ പർപ്പിൾ ക്യാപ്പ് സ്വന്തമാക്കുന്നത് കാണാനാണ് ഇഷ്ടം. എന്തെന്നാൽ കഴിഞ്ഞ 4 വർഷമായി അസാമാന്യമായ ബൗളിങ്ങാണ് അവൻ കാഴ്‌ചവെയ്ക്കുന്നത്. മത്സരശേഷം കുൽദീപ് പറഞ്ഞു. ഞാനിപ്പോൽ മെച്ചപ്പെട്ട ബൗളർ ആയിട്ടുണ്ടാകും. പക്ഷേ ഒന്നുറപ്പാണ് മുൻപത്തേതിനാക്കാൾ മാനസികമായി കരുത്തനാണ് ഞാൻ.